തമിഴ് ഇളയ ദളപതി വിജയിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അപലപിച്ച് മന്ത്രി ഇപി ജയരാജന്‍. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതിയെന്ന് അദ്ദേഹം പറയുന്നു. വിജയ് കേന്ദ്രത്തിന്റെ കണ്ണിലെ കരടാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും ‘മെര്‍സല്‍’ എന്ന തന്റെ സിനിമയില്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നുവെന്നും മന്ത്രി ഇപി ജയരാജന്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്. പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബിജെപി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.