താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി.പി.എം. നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായ ഇ.പി. ജയരാജന്‍. താന്‍ ആതമകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നും ജയരാജന്‍ അറിയിച്ചു. സമ​ഗ്രമായ അന്വേഷണം നടത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കാൻ അഭിഭാഷകൻ മുഖേന നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവന്നതെല്ലാം കൃത്രിമമായി സൃഷ്ടിച്ച് തന്റെ ആത്മകഥയുമായി കൂട്ടിക്കുഴച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച കാര്യം മാധ്യമ വാര്‍ത്തകളിലാണ് അറിഞ്ഞത്. തികച്ചും തെറ്റായിട്ടുള്ള നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചത്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുന്നുവെന്ന് ഞാനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലാണെന്നും ഇ.പി. പറഞ്ഞു.

‘ഞാൻ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് ഡി.സി. ബുക്‌സ് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്‌സ് ചോദിച്ചിരുന്നു. അങ്ങനെ നിൽക്കുകയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിനു വേണ്ട നടപടിക്രമം. എല്ലാം പൂർത്തീകരിച്ച്, ആകെയൊന്നു വായിച്ചുനോക്കി അതിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അച്ചടിക്കായി കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.

“ഇത് ആസൂത്രിതമായ ​ഗൂഢാലോചനയാണ്. പ്രത്യേകിച്ച് ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. ഈ ദിവസം തന്നെ തിരഞ്ഞെടുത്ത് ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയതാണ്. ഇതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഒന്നര വർഷം മുൻപ് നടന്ന സംഭവം വാർത്തയാക്കി. ഇത് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണ്. അന്വേഷിച്ച് കണ്ടെത്തേണ്ട കുറേ കാര്യങ്ങളുണ്ട്. കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

“എഴുതിയതെല്ലാം എഡിറ്റ് ചെയ്ത് തയ്യാറാക്കാൻ, വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് ഇത് പുറത്തുപോകാൻ സാധാരണ​ഗതിയിൽ സാധ്യതയില്ല. എവിടെനിന്നാണ് ഇത് പുറത്തുപോയതെന്ന് പരിശോധിക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇപ്പോൾ നടന്നത് വ്യക്തഹത്യയാണ്. അതുവഴി പാർട്ടിയെ തകർക്കുക, തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം.” ഇവ നടന്നിരിക്കുന്നത് പാർട്ടിക്കുള്ളിൽനിന്ന് തന്നെയാണോ എന്ന് കണ്ടെത്തിയാൽ ആല്ലേ പറയാൻ പറ്റൂവെന്നും ഇ.പി. പറഞ്ഞു.

എന്തുകൊണ്ട് ചിന്ത ബുക്സിനെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചില്ലാ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിന്ത ബുക്സ് വന്നാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ.പിയുടെ മറുപടി. സിപിഎമ്മിൽ എല്ലാ കാലത്തും വിവാദമുണ്ടാകുമ്പോൾ അതിന്റെ ഒരറ്റത്ത് ഇ.പി ജയരാജന്റെ പേര് ഉണ്ടല്ലോ എന്ന ചോദ്യത്തിന്, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നായിരുന്നു പ്രതികരണം.

ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രം​ഗത്തെത്തി.

ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.