ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്നൈഡര്‍മാന്‍ രാജിവെച്ചു. നാല് സ്ത്രീകളാണ് എറികിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര് എറികിന്റെ മുന്‍ സുഹൃത്തുക്കളാണ്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് ആരോപണം പുറത്തു കൊണ്ടു വന്നത്.
ആരോപണങ്ങളെ ഷ്നൈഡര്‍മാന്‍ എതിര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ #മീടൂ കാംപെയ്ന്റെ ഭാഗമായിരുന്നു എറിക്. ക്യാംപെയ്ന്റെ ഭാഗമായി ഫെബ്രുവരിയില്‍ സിനിമാ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരെയും സഹോദരന് ബോബ് വെയ്ന്‍സ്റ്റെയിനെതിരെയും ഷ്നൈഡര്‍ കേസ് നടത്തിയിരുന്നു.
ഷ്നൈഡഡര്‍ക്കെതിരായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിച്ചവരില്‍ രണ്ട് പേരുടെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്, മിഷേല്‍ മാനിങ് ബാരിഷ്, തന്യയ സെല്‍വരത്നം. മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മകള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വാര്‍ത്ത പുറത്തു വന്നതിന് ശേഷം മിഷേല്‍ മാനിങ് പ്രതികരിച്ചു.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയടക്കം എറിക് ക്യാംപെയ്ന് നടത്തുന്നത് കണ്ടാണ് സത്യം വിളിച്ചു പറയാന്‍ തയ്യാറായതെന്ന് സ്ത്രീകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ചാംപ്യനാകാന്‍ ശ്രമിക്കുന്ന എറിക് രഹസ്യമായി അവരെ ഉപദ്രവിക്കുകയാണെന്നും ഇതു പുറത്തു കൊണ്ടുവരേണ്ടിയിരുന്നുവെന്നും തന്യ സെല്‍വരത്നം പറഞ്ഞു.
ട്രംപിന്റെ വിമര്‍ശകനായി വളര്‍ന്നു വരുന്ന എറിക് ഷ്നൈഡര്‍മാന്‍ 2010ലാണ് അറ്റോര്‍ണി ജനറലായത്.
Leave a Reply