കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹലാൽ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർവി ബാബുവിനെയാണ് എറണാകുളം നോർത്ത് പറവൂർ .പോലീസ് അറസ്റ്റ് ചെയ്തത്.
ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറി ഉടമയെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ആർവി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
സംഭവത്തിൽ വർഗീയപരമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റ്. അതേസമയം, ബാബുവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഘപരിവാറിനെ തകർക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബർ 28ാം തീയതിയാണ് കുറുമശേരിയിൽ പ്രവർത്തനമാരംഭിച്ച കടയുടെ മുമ്പിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന് കാണിച്ച് പ്രദർശിപ്പിച്ച സ്റ്റിക്കർ നീക്കാൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടത്. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവർത്തകർ നേരിട്ട് എത്തി കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി.
കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്കർ നീക്കി. പിന്നാലെ സോഷ്യൽമീഡിയയിൽ സംഭവം വാർത്തയായതോടെയാണ് അറസ്റ്റുണ്ടായത്.
കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Leave a Reply