ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്കു പോകാനുള്ള ആദ്യ നടപടിയായി ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചാലും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രിട്ടന്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും. ഇതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ബ്രെക്‌സിറ്റ് നടപടികള്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയെയായിരിക്കും ഇത് ബാധിക്കുക. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നടത്തിയിട്ടില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നടത്താന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് അനുവാദം ലഭിക്കണമെങ്കില്‍ ഇനിയും രണ്ടു മാസം കൂടി വേണ്ടി വരുമെന്നാണ് ഇത് നല്‍കുന്ന സൂചന.
ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനായി ജൂണ്‍ 20ന് 27 അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. പേര് വെളിപ്പെടുത്താത്ത യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ചര്‍ച്ചാ മാനദണ്ഡങ്ങളുടെ കരട് രൂപീകരിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ഒരു ഉച്ചകോടി ചേരും. സ്പ്രിംഗിലായിരിക്കും ഈ ഉച്ചകോടി ചേരുന്നത്. എന്നാല്‍ രൂപീകരിക്കുന്ന മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിക്കാതെ യഥാര്‍ത്ഥ ചര്‍ച്ചകള്‍ തുടങ്ങില്ലെന്നാണ് സൂചന. അതായത് ചര്‍ച്ചകള്‍ക്കായി ഒരു കൃത്യമായ സമയം പ്രഖ്യാപിക്കാന്‍ ഉടനൊന്നും സാധിക്കില്ല.

ബ്രിട്ടന്റെ പുറത്തുപോക്കിന് ഇത് കൂടുതല്‍ താമസം ഉണ്ടാക്കും. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതു വരെ ഈ സമയപരിധിയേക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കുമെങ്കിലും അതിനു ശേഷം നിയന്ത്രണം നഷ്ടമാകും. ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കാന്‍ വൈകുന്നതിനെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോളുണ്ടാകാന്‍ ഇടയുള്ള താമസവും പ്രധാനമന്ത്രി ഈ നടപടികള്‍ വൈകിച്ചതിന്റെ ഫലമാണെന്ന വിമര്‍ശനവും ഉയര്‍ന്നേക്കും.