ബ്രസല്‍സ്: ബ്രെക്‌സിറ്റ് ധാരണയ്ക്ക് യൂറോപ്യന്‍ നേതാക്കളുടെ അംഗീകാരം. ബ്രസല്‍സില്‍ ഞായറാഴ്ച നടന്ന ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ടു വെച്ച കരട് ധാരണയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ഇടഞ്ഞു നിന്ന സ്‌പെയിന്‍ അവസാന നിമിഷം ബ്രിട്ടന് അനുകൂലമായി വോട്ട് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഇതോടെയാണ് 20 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപീകരിച്ച ധാരണയ്ക്ക് അംഗീകാരമായത്. ഒരു മണിക്കൂറില്‍ താഴെ മാത്രമേ അംഗീകാരം നല്‍കാനുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി വേണ്ടി വന്നുള്ളു. 27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ധാരണയ്ക്ക് അംഗീകാരം നല്‍കി. ഒരു സുഗമമായ പിന്‍മാറ്റത്തിന് അവസരം നല്‍കുന്ന ധാരണയാണ് രൂപപ്പെട്ടതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ധാരണയ്ക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം.
ബ്രിട്ടീഷ് ജനതയ്ക്കു വേണ്ടിയാണ് ഈ ധാരണ നിര്‍മിച്ചിരിക്കുന്നതെന്നും ബ്രിട്ടന്റെ സമ്പന്നമായ ഒരു ഭാവിയിലേക്കുള്ള യാത്രയാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. ധാരണയ്ക്ക് പിന്നില്‍ ഒന്നായി അണിനിരക്കണമെന്ന് ബ്രെക്‌സിറ്റ് വിരുദ്ധരോടും അനുകൂലികളോടും അവര്‍ അഭ്യര്‍ത്ഥിച്ചു. ബ്രെക്‌സിറ്റിനെക്കുറിച്ച് വാദപ്രതിവാദം നടത്തി ബ്രിട്ടീഷ് ജനതയ്ക്ക് സമയം കളയാനില്ലെന്നും ബ്രസല്‍സില്‍ വെച്ച് മേയ് പറഞ്ഞു. 2019 മാര്‍ച്ച്29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ ഔദ്യോഗികമായി പിന്‍മാറുന്നത്. 2017 മാര്‍ച്ചിലാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും തുടക്കമിട്ടത്.
ഡിസംബര്‍ 12നാണ് ബ്രെക്‌സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ചക്കെടുക്കുന്നത്. ഇതിന് അന്തിമാനുമതി പാര്‍ലമെന്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രതിപക്ഷ പാര്‍ട്ടികളായ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി എന്നിവരും ഭരണപക്ഷത്തെ സഖ്യകക്ഷിയായ ഡിയുപിയും ഇതിന് എതിരായി വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടോറി എംപിമാരില്‍ ഒരു വിഭാഗവും തെരേസ മേയുടെ ബ്രെക്‌സിറ്റ് ധാരണയ്‌ക്കെതിരെ നിലപാടെടുത്തിട്ടുള്ളതിനാല്‍ കോമണ്‍സില്‍ ഇത് പാസാക്കിയെടുക്കുകയെന്നത് മേയ്ക്ക് അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്.
Leave a Reply