ലണ്ടന്‍: യു.കെയിലെ എത്തിനിക് ന്യൂനപക്ഷങ്ങള്‍ തൊഴില്‍ മേഖലയില്‍ കടുത്ത വിവേചനങ്ങള്‍ നേരിടുന്നതായി പഠനം. 1960 കാലഘട്ടങ്ങളിലുണ്ടായിരുന്ന വിവേചനങ്ങള്‍ അതേപടി 2019ലും നിലനില്‍ക്കുന്നതായിട്ടാണ് പഠനം വ്യക്തമാക്കുന്നത്. പുതിയ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ബ്രിട്ടന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന. ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്തള്ളപ്പെടുന്നവരില്‍ കൂടുതല്‍ കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഷ്യക്കാരില്‍ ഏറ്റവും വംശീയ വിദ്വേഷം നേരിടേണ്ടിവരുന്നത് പാകിസ്ഥാനികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമാന യോഗ്യതകളുണ്ടായിട്ട് പോലും ഏഷ്യക്കാരെയോ കറുത്ത വംശജരെ തൊഴില്‍ വിപണിയില്‍ സമത്വപൂര്‍ണമായി പരിഗണിക്കപ്പെടുന്നില്ല.

ന്യൂഫീല്‍ഡ് കോളേജിലെ (യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്) സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് വിദഗ്ദ്ധരാണ് ഗവേഷണം നടത്തിയിരിക്കുന്നത്. 1960കളില്‍ രാജ്യത്ത് നിലനിന്നിരുന്ന അതീവ ഗുരുതരമായ വര്‍ണ വിവേചന രീതികളില്‍ നിന്ന് ഒട്ടും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. യു,കെയുടെ സാമ്പത്തിക ശാക്തീകരണത്തിന് നിലവില്‍ കറുത്തവംശജരുടെയും ഏഷ്യക്കാരുടെയും പിന്തുണ അനിവാര്യമാണ്. മിക്ക മേഖലകളിലും കുടിയേറ്റ ജനതയുടെ വലിയ പങ്കാളിത്വമുണ്ട്. അതേസമയം വൈറ്റ് കോളര്‍ ജോലികളിലേക്ക് എത്തിപ്പെടാന്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ കടമ്പകളേറെ പിന്നിട്ടിരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. വിദ്യഭ്യാസമോ, പ്രവൃത്തി പരിചയമോ, ജോലിയിലുള്ള പ്രാവീണ്യമോ ആയിരുന്നില്ല പരിഗണിക്കപ്പെട്ടിരുന്നതെന്ന് പഠനം പറയുന്നു.

വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ അയക്കുന്നതിലും 80 ശതമാനം കൂടുതല്‍ ജോലി അപേക്ഷകള്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ അയക്കേണ്ടിവകരുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനികളോടുള്ള മനോഭാവത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി മാറ്റമുണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതും നമ്മെ വിഷമിപ്പിക്കുന്നമാണ്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നിര്‍ത്തലാക്കാന്‍ നാം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അന്തോണി ഹീത്ത് അഭിപ്രായപ്പെട്ടു.