ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച് നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പ്രവാസികളായ ബ്രിട്ടീഷ് പൗരന്‍മാരേയും പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലുള്ള എംബസികളില്‍ ഹിതപരിശോധനയ്ക്ക വോട്ടു ചെയ്യാന്‍ പരമാവധി പ്രവാസികളെ എത്തിക്കാനാണ് നീക്കം. അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ വസിക്കുന്ന ഫ്രാന്‍സില്‍ ഹിതപരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അനുഭാവം പ്രകടിപ്പിച്ച് സ്വന്തം ചിത്രം നല്‍കുന്നവര്‍ക്കും പാരീസിലെ ബ്രിട്ടീഷ് എംബസി സ്ഥിതി ചെയ്യുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരത്തിലെ ഹോട്ടല്‍ ദെ ചാരോസ്റ്റില്‍ ചായ സല്‍ക്കാരമാണ് ഓഫര്‍.
ഒരു ചായ തയ്യാറാക്കാനുള്ള സമയം മാത്രമേ രജിസ്‌ട്രേഷന് ആവശ്യമായി വരൂ എന്നാണ് എംബസി വ്യക്തമാക്കുന്നത്. ‘#YourVoteMatters to @UKInFrance’ എന്ന ഹാഷ്ടാഗിനു കീഴില്‍ ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ഏറ്റവും ക്രിയാത്മകമായി പ്രസിദ്ധീകരിക്കുന്ന ചിത്രത്തിനാണ് സമ്മാനം ലഭിക്കുക. ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പരമാവധി പ്രവാസികളെ പങ്കെടുപ്പിക്കാനായി അയര്‍ലന്‍ഡ്, ജര്‍മനി, പോളണ്ട്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഹിതപരിശോധനയെ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു അതില്‍ വോട്ടവകാശമുണ്ടെന്ന കാര്യത്തില്‍ അവര്‍ ബോധവാന്‍മാരല്ലെന്ന് എംബസി വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ചു വര്‍ഷത്തില്‍ താഴെ മാത്രം വിദേശത്തു താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവകാശമുള്ളത്.