ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യൻ യൂണിയനുമായുള്ള നോർത്തേൺ അയർലൻഡ് പ്രോട്ടോകോളിൽ തിരുത്തലുകൾ വരുത്തുവാൻ നീങ്ങുന്ന ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രെസ്സിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത്തരത്തിൽ നീക്കങ്ങൾ മുന്നോട്ടു പോയാൽ ഉടൻ തന്നെ ബ്രിട്ടനെതിരെ വ്യാപാരയുദ്ധം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. നിലവിലുള്ള പ്രോട്ടോകോൾ മറികടക്കാൻ യുകെ ശ്രമിച്ചാൽ, തങ്ങളുടെ പക്കലുള്ള എല്ലാ വഴികളും ഉപയോഗിച്ച് പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് മാറോസ് സെഫ്കോവിക് വ്യക്തമാക്കി. നിലവിലുള്ള പ്രോട്ടോകോൾ ബ്രിട്ടനും നോർത്തേൺ അയർലൻഡും തമ്മിൽ വിഭാഗീയത ഉളവാക്കുന്നതാണെന്നും അതിനാൽ തന്നെ മാറ്റങ്ങൾ അത്യാവശ്യമാണെന്നും ലിസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിൽ നോർത്തേൺ അയർലൻഡിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ പ്രോട്ടോകോൾ മാത്രമാണെന്നും ഫോറിൻ സെക്രട്ടറി പറഞ്ഞു. പുതിയതായി ഉണ്ടാകുന്ന മാറ്റങ്ങൾ ഒരിക്കലും ഡീലിനെ തകർക്കുകയില്ല മറിച്ച്, ആവേശകരമായ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഫോറിൻ സെക്രട്ടറി വ്യക്തമാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രിട്ടനിൽ നിന്നുള്ള സാധനങ്ങൾക്ക് യൂറോപ്പ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ചെക്കിങ്ങുകൾ ഇല്ലാതാക്കുക എന്നതാണെന്നും അവർ ഓർമ്മിപ്പിച്ചു.
യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാരയുദ്ധം ഉണ്ടാകുമെന്ന ഭയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പൂർണമായും തള്ളിക്കളഞ്ഞു. ബ്രസൽസുമായി ഒരു യുദ്ധത്തിന് ഇല്ലെന്നും മറിച്ച്, സമാധാനപരമായ ചർച്ചയിലൂടെ കാര്യങ്ങൾ മുന്നോട്ടു നീക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ബ്രിട്ടന്റെ ഭാഗത്തുനിന്നും മാത്രമുള്ള ഈ നീക്കം വിശ്വാസ്യത തകർക്കുമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രി സൈമൺ കോവ്നി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി ചേർന്ന് തീരുമാനങ്ങൾ ഉണ്ടാകണമെന്ന് ലേബർ പാർട്ടിയും ആവശ്യപ്പെട്ടു.
Leave a Reply