ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഈ പകർച്ചവ്യാധി കാലത്ത് ഏറ്റവുമധികം പ്രശംസ ഏറ്റുവാങ്ങിയ ഒരു വിഭാഗമാണ് മലയാളികൾ ഉൾപ്പെടെയുള്ള എൻ എച്ച് എസ്‌ നേഴ്സുമാരും, സ്റ്റാഫുകളും. എന്നാൽ ഇവർ നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. നിരവധി പേരാണ് ഈ മഹാമാരി കാലത്ത് വംശീയ അധിക്ഷേപത്തിന് ഇരയായതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. രോഗികളുടെ ഭാഗത്തുനിന്നും, അവരുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഇവർ നേരിട്ടുകൊണ്ടിരിക്കുന്ന സമീപനം വളരെ മോശമാണ് എന്നാണ് ആശുപത്രി അധികൃതരും വെളിപ്പെടുത്തുന്നത്. മിറർ പത്രം നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ഏകദേശം 1241 ഓളം കേസുകളാണ് 2020 ൽ മാത്രം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ കണക്കുകളിൽ നിന്നും വളരെ മുകളിലാണ് യഥാർത്ഥത്തിലുള്ള കണക്കുകളെന്നു പത്രം വെളിപ്പെടുത്തുന്നു. തങ്ങളുടെ ജീവൻ പണയം വച്ച് രോഗികൾക്ക് ശുശ്രൂഷ ചെയ്യുന്ന എൻഎച്ച് എസ്‌ സ്റ്റാഫുകൾ നേരിടുന്നത് കടുത്ത വംശീയ അധിക്ഷേപങ്ങളും, അപമാനകരമായ അനുഭവങ്ങളുമാണ്.

ചിലയിടങ്ങളിൽ രോഗികൾ നോൺ – വൈറ്റ് സ്റ്റാഫുകളാൽ ശുശ്രൂഷിക്കപ്പെടുവാൻ പോലും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ട്. എന്നാൽ മിക്കയിടങ്ങളിലും ഇത്തരത്തിലുള്ള അപമാനങ്ങൾ കണ്ടില്ലെന്ന് നടിച്ച്, ചികിത്സ ആവശ്യമായ രോഗികൾക്ക് തങ്ങളാലാവുന്ന സഹായങ്ങൾ ചെയ്യുകയാണ് ഇവർ ഓരോരുത്തരും. എൻഎച്ച്എസ്‌ സ്റ്റാഫുകളിൽ അഞ്ചിൽ ഒരു ശതമാനം കറുത്തവർഗക്കാർ, ഏഷ്യക്കാർ, മറ്റ് മൈനോരിറ്റി വംശജർ എന്നിവരാണ് ഉൾപ്പെടുന്നത്. ഇത്തരത്തിലുള്ള വംശീയധിക്ഷേപങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്ന് എൻ എച്ച് എസ്‌ ചീഫ് പീപ്പിൾ ഓഫീസർ പ്രേരണ ഇസ്സർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യവും ഡോക്ടറുമാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.