ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടിംഗില്‍ ബ്രെക്‌സിറ്റ് ധാരണാ ബില്‍ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി. 1999 മുതല്‍ 2004 വരെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് പ്രോഡി. മാര്‍ച്ചില്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് തെരേസ മേയ്ക്ക് അനുകൂലമായി മാറിയേക്കാമെന്നും പ്രോഡി വ്യക്തമാക്കി. തെരേസ മേയ് മുന്നോട്ടു വെച്ചിട്ടുള്ള ധാരണയല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് നിലവിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറയുന്നത്. അതിന് വിപരീതമായ പ്രസ്താവനയാണ് പ്രോഡിയില്‍ നിന്നുണ്ടായിരിക്കുന്നത്.

മേയ് നിര്‍ദേശിച്ചതിലും മികച്ച ഒരു ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോമണ്‍സില്‍ എതിര്‍ വോട്ട് ചെയ്യാനിരിക്കുന്ന ബ്രിട്ടീഷ് എംപിമാര്‍ നിരാശപ്പെടുകയേ ഉള്ളുവെന്നും ജങ്കര്‍ വ്യക്തമാക്കി. അതേസമയം മേയ് നിര്‍ദേശിച്ച ധാരണ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ക്കായി തീര്‍ച്ചയായും സമീപിക്കുമെന്ന് പ്രോഡി ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര വ്യാപാരം നിലിനിര്‍ത്തണമെന്നു തന്നെയാണ് പ്രോഡി പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും താല്‍പര്യം ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാല്‍ യുകെയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം ദി ഒബ്‌സര്‍വറിനോട് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രശ്‌നങ്ങള്‍ പ്രായോഗിക ബുദ്ധിയാല്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിപദത്തില്‍ തെരേസ മേയുടെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രോഡിയുടെ പ്രസ്താവന പുറത്തുവരുന്നത്. നാളെ നടക്കുന്ന കോമണ്‍സ് വോട്ടിംഗില്‍ പരാജയപ്പെട്ടാല്‍ മേയ് പ്രധാനമന്ത്രി പദത്തില്‍ തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മേയുടെ നിര്‍ദേശം തള്ളിയാല്‍ നോര്‍വേ മാതൃകയിലുള്ള ധാരണ കൊണ്ടുവരണമെന്നും ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെടുന്നു.