യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്‌നേ എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ തുർക്കി പ്രതിരോധത്തിന്റെ വകയായിരുന്നു.

ടൂർണമെന്റിലെ കറുത്ത കുതിരകളാവാൻ സാധ്യത കൽപ്പിക്കപ്പെട്ട തുർക്കിക്ക് പക്ഷേ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിൽ കഴിഞ്ഞില്ല. തുടക്കം മുതല്‍ തുര്‍ക്കി പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ആദ്യ പകുതിയിയില്‍ ഗോളൊന്നും പിറന്നില്ല. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിക്കാൻ ഇറ്റലിക്ക് കഴിഞ്ഞതുമില്ല.

53ആം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് തുര്‍ക്കിയുടെ വല ആദ്യം കുലുങ്ങി. വലത് വിംഗില്‍ നിന്ന് ഡൊമെനികോ ബെറാര്‍ഡി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തുര്‍ക്കി പ്രതിരോധതാരം മെറിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി ഗോള്‍വര കടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോൾ വഴങ്ങിയതിന് പിന്നാലെ തുർക്കി രണ്ട് മാറ്റങ്ങൾ വരുത്തി കളി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലാസിയോ സൂപ്പർതാരം ഇമ്മൊബിൽ ഫോമിലേക്ക് ഉയർന്നതോടെ ഇറ്റലിക്ക് കാര്യങ്ങൾ എളുപ്പമായി. 66ആം മിനിറ്റില്‍ ഇമ്മൊബിൽ ഇറ്റലിയുടെ ലീഡുയർത്തി. 79ആം മിനിറ്റിൽ ഇൻസിഗ്‌നേയിലൂടെ ഇറ്റലി ഗോൾ പട്ടിക പൂർത്തിയാക്കി.

ഇന്ന് മൂന്ന് മൽസരങ്ങളാണ് യൂറോയില്‍ ഉള്ളത്. വെയ്ല്‍സ് ഗ്രൂപ്പ് എയിലെ രണ്ടാം മൽസരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനേയും ബെല്‍ജിയം റഷ്യയേയും നേരിടും. ജൂൺ 17നാണ് ഇറ്റലിയുടെ അടുത്ത മൽസരം. സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികൾ. തുർക്കിയുടെ അടുത്ത മൽസരം വെയിൽസിന്‌ എതിരെയാണ്.