ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ഇതു അഭിമാന നിമിഷം. തിരുവനന്തപുരം ജില്ലയിലെ പാറശാല കേന്ദ്രമാക്കി പുതിയ രൂപതയും രണ്ട് പുതിയ മെത്രാന്‍മാരെയും സഭയ്ക്ക് ലഭിച്ചു. റവ. ഡോ. ജോര്‍ജ് കാലായില്‍, റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടിയില്‍ എന്നിവരാണ് നിയമിതരായ പുതിയ മെത്രാന്മാര്‍. റവ. ഡോ. ജോര്‍ജ് കാലായില്‍ കര്‍ണാടകയിലെ പുത്തൂര്‍ രൂപതയുടെ മെത്രാനായും റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ കുരിയാ ബിഷപ്പും യൂറോപ്പ് – ഓഷ്യാനിയ എന്നിവയുടെ അപ്പസ്തോലിക് വിസിറ്റേറ്റുമായാണ് നിയമിതനായിരിക്കുന്നത്.
ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസാണ് പാറശാല രൂപതയുടെ മെത്രാനായി നിയമിതനായിരിക്കുന്നത്. നിലവില്‍ അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനായിരുന്നു. തിരുവല്ലാ അതിരൂപതാ സഹായ മെത്രാനായിരുന്ന ഫിലിപ്പോസ് മാര്‍ സ്തോഫാനോസ് മെത്രാപ്പൊലീത്തയാണ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിയമന കല്പന തിരുവനന്തപുരത്ത് സഭയുടെ ആസ്ഥാന കേന്ദ്രമായ കാതോലിക്കേറ്റ് സെന്ററില്‍ കര്‍ദിനാള്‍ ക്ലീമീസ് കാതോലക്കാ ബാവ അറിയിച്ചു.
ഇതോടെ മലങ്കര കാതോലിക്കാ സഭയ്ക്ക് പതിനൊന്ന് രൂപതകളും ഒരു എക്സാര്‍ക്കേറ്റും നിലവിലുണ്ട്. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന നിയുക്ത ബിഷപ്പ് റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടിയിലിനായിരിക്കും ഇംഗ്ലണ്ടിലെ മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ ചുമതല. സഭയുടെ ശക്തമായ വളര്‍ച്ചയ്ക്ക് സുവിശേഷ പ്രഘോഷണത്തിന്റെ ശക്തിപ്പെടലിനും പുതിയ നിയമനം കാരണമാകുമെന്ന് സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കുംമൂട്ടില്‍, ചാപ്ലയിന്‍ ഫാ. രഞ്ചിത്ത് മഠത്തിറമ്പില്‍, നാഷണല്‍ കൗണ്‍സിലും വ്യക്തമാക്കി.
1985 ഡിസംബര്‍ 22ന് പൗരോഹിത്യ പട്ടം സ്വീകരിച്ച നിയുക്ത ബിഷപ്പ് ജോണ്‍ കൊച്ചുതുണ്ടിയില്‍ റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ ലോയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. നിലവില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ വികാരി ജനറാല്‍ ആയിരുന്നു.
Leave a Reply