റവ. ഫാ. ഹാപ്പി ജേക്കബ്ബ്

അതുല്യമായ ദൈവിക നല്‍വരങ്ങളുടെ ഓർമ്മകളെ അയവിറക്കുവാൻ ഒരു ശീതകാലം – നക്ഷത്രങ്ങളുടെയും വെൺ നിലാവിന്റെയും അകമ്പടിയിൽ പൊൻ തേജസിൽ അടുത്ത് വരുന്ന അനുഭവം. സന്തോഷത്തിന്റെ അനുഭവം ആണ് ഓർമ്മയിൽ ആദ്യം കടന്നുവരുന്നതെങ്കിൽ അതിനുമപ്പുറം ഒരു ത്യാഗത്തിന്റെ അനുഭവം മനസ്സിൽ ഇടം നേടിയില്ലെങ്കിൽ ആദ്യാനുഭവത്തിന് എന്ത് പ്രസക്തി. ഒത്തിരി ഒത്തിരി കാര്യങ്ങളിൽ ആണ് ഈ ക്രിസ്തുമസ് ഓരോരുത്തർക്കും അനുഭവങ്ങൾ നൽകുന്നത് . എന്നാൽ ഒരു കാര്യം മാത്രം പങ്കുവയ്ക്കട്ടെ .

ദൈവം നമുക്ക് നൽകിയ വലിയ ധനം ആണ് സ്നേഹം . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും നാം ആഗ്രഹിക്കാറുണ്ട്. അതിൻറെ അർത്ഥപൂർണ്ണമായ തലം ആണ് സ്നേഹാഗ്‌നിയിൽ നിറയുക അല്ലെങ്കിൽ സ്നേഹാഗ്‌നിയിൽ എരിയുക. ഒരു ഉദാഹരണം രണ്ട് വ്യക്തികൾ യെരുശലേമിൽ നിന്ന് എമ്മാവൂസിലേക്ക് പോകുകയായിരുന്നു. അവരുടെ അന്തരംഗം അഗ്നിയാൽ ചൂടുപിടിച്ചു. ലൂക്കോസ് 24 : 32 കാരണം ദൈവ സാന്നിധ്യം അഥവാ ദൈവ സംസർഗ്ഗം .

ഒരു ക്രിസ്തുമസ് കാലയളവ് നൽകുന്ന പ്രതീതിയും മറ്റൊന്നല്ല. തണുത്തുറഞ്ഞ ഹൃദയ അവസ്ഥകളെ ആത്മാവിൽ ചൂട് പിടിപ്പിച്ച് ചാരത്തിൽ നിന്ന് കനലിലേക്കുള്ള യാത്ര – പ്രചോദനം, പരിവർത്തനം, ഇവ അല്ലേ ക്രിസ്തുമസ് .

നല്ല വർഷം നല്ല ഫലം കായ്ക്കണം. ഒരു നല്ല വൃക്ഷത്തിനും ചീത്തഫലം കായ്ക്കുവാൻ കഴിയുന്നതല്ല. അങ്ങനെ ആയാൽ അതിനെ വെട്ടി തീയിൽ ഇടും . മത്തായി 7: 12 – 20 . ഇതാണ് യാഥാർത്ഥ്യം എങ്കിൽ നമ്മുടെ അവസ്ഥ എന്താകും. വൃക്ഷത്തെ ഫലം കൊണ്ട് അറിയാം എന്നല്ലേ പ്രമാണം. ഇത്രയും നാളും നാം വളർന്നു . എന്ത് ഫലം ആണ് നൽകുവാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ ക്രിസ്തുമസും നമുക്ക് തരുന്ന അവസരം ക്രിസ്തുവിൽ ജനിക്കുവാനാണ്. ക്രിസ്തുവിൽ വളരുവാനാണ്. ക്രൈസ്തവ ഫലങ്ങൾ നൽകുവാനാണ്. അന്തരംഗം തണുത്തുവോ ചോദിക്കൂ നമ്മോട് തന്നെ. ക്രിസ്തുവിലുള്ള സ്നേഹം നമ്മെ ചൂടുപിടിപ്പിക്കട്ടെ. ക്രിസ്തു പറയുന്നത് എന്നോട് അനുകൂലം അല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു.

ക്രിസ്തുമസ് നമ്മെ വിളിക്കുന്നത് ഏദനിലേക്കുള്ള ഒരു യാത്രയ്ക്കായാണ് . ദൈവപുത്രൻ ത്യാഗത്തിലൂടെ മനുഷ്യനായി അവതരിച്ച് നമ്മെ ദൈവതുല്യരാക്കുവാൻ ഈ ത്യാഗം ഒരു സമ്മാനമായി നാം സ്വീകരിക്കുന്നു. എന്നാൽ ഈ വലിയ സമ്മാനം നാം വിസ്മരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടാണ് നാം ആഘോഷങ്ങളിൽ തൃപ്തരാകുന്നത്.

മത്തായി 1: 22 കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് പേർ വിളിക്കും. ഇതാണ് മുൻ പ്രസ്താവിച്ച സമ്മാനം ദൈവ സമ്മാനം – ദൈവ സമ്മാനം. കരുതലിന്റെ സമ്മാനം . രക്ഷയുടെ സമ്മാനം.

ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ഇങ്ങനെ നാം ക്രിസ്തുവിലായി അനേകർക്ക് ഈ സമ്മാനം എത്തിച്ചു കൊടുക്കുവാൻ ഈ ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നു. നീ അകത്തേക്ക് വരൂ . എനിക്ക് ലഭിച്ച സമ്മാനം നിനക്കായ് തരുന്നു. നിൻറെ വേദനയുടെ പരിഹാരകൻ , നിന്റെ നിരാശയുടെ ആശ്വാസകൻ, നിന്റെ രോഗത്തിന്റെ വൈദ്യൻ, നിന്റെ പാപത്തിന്റെ മോചകൻ . ഇതൊക്കെയാണ് എനിക്ക് ലഭിച്ച സമ്മാനം, എനിക്ക് നൽകുവാനുള്ളതും . കുഞ്ഞേ അകത്ത് വരൂ . ഈ സമ്മാനം നിനക്കുള്ളതാണ്.

സ്നേഹത്തോടെ ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം