കോവിഡ് മരണവും രോഗവ്യാപനവും ശമനമില്ലാതെ തുടരുമ്പോഴും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങുകയാണ് യൂറോപ്പ്. മരണസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന യു കെ ഒഴികെയുള്ള രാജ്യങ്ങള്‍ മെയ് 11 മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡൌനിംഗ് സ്ട്രീറ്റില്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ ലോക്ക് ഡൗണ്‍ പെട്ടെന്നു അവസാനിപ്പിക്കാന്‍ കഴിയുന്ന ഘട്ടത്തിലല്ല രാജ്യാമിപ്പോള്‍ എന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കാര്യങ്ങള്‍ കുറച്ചുകൂടി ശരിയായാല്‍ സ്കൂളുകളും ചില വ്യാപാര സ്ഥാപനങ്ങളും ജൂണോടെ തുറക്കാന്‍ സാധിയ്ക്കും. അതേ സമയം വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ സാധിക്കാത്തവരെ തങ്ങളുടെ തൊഴിലിടത്തിലേക്ക് തിരിച്ചു ചെല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് എന്നും ജോണ്‍സണ്‍ പറഞ്ഞു.

ബോറിസ് ജോണ്‍സന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന വിമര്‍ശനം രാജ്യത്തു ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ 31,855 പേരാണ് യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 219,183 പേര്‍ രോഗബാധിതരാണ്.

മറ്റ് പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെ ഇളവുകള്‍ ഇങ്ങനെ;

ഇറ്റലി

പാര്‍ക്കുകളും ഫാക്ടറികളും ഇതിനകം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് . ബാറുകളിലും ഹോട്ടലുകളിലും ടേയ്ക്ക് എവേ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

സ്പെയിന്‍

ഹോട്ടലുകളില്‍ ടേയ്ക്ക് എവേ കൌണ്ടറുകള്‍, ഹെയര്‍ ഡ്രെസ്സിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങിയിടുണ്ട്. രോഗം കുറഞ്ഞ രീതിയില്‍ ബാധിച്ച പ്രദേശങ്ങളില്‍ ബാറുകളുടെ ടെറസുകള്‍ മൂന്നിലൊന്ന് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ഇത്തരം ഇടങ്ങളില്‍ ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കാനുള്ള അനുവാദവും കൊടുത്തിട്ടുണ്ട്. ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് ചെറു സംഘങ്ങളുമായി ഇടപഴകുന്നതിനും അനുവാദം നല്കിയിട്ടുണ്ട്.

ജര്‍മ്മനി

കടകള്‍, കളിക്കളങ്ങള്‍, മ്യൂസിയങ്ങള്‍, പള്ളികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇതിനകം അനുവാദം കൊടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും സ്റ്റെറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

ഫ്രാന്‍സ്

മെയ് 11 മുതല്‍ രാജ്യം ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ നല്‍കി രോഗബാധിത പ്രദേശങ്ങളെ വേര്‍തിരിച്ചുകൊണ്ട് ലോക്ക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരും. നഴ്സറികളും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങളും മെയ് 11 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ബെല്‍ജിയം

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കിക്കഴിഞ്ഞു.

രോഗം തീവ്രമായി ബാധിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.