പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഒരാഴ്ചത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പിന്തുണയോടെയാണ് പശ്ചാത്യ- യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിനുശേഷം പാശ്ചാത്യ സര്‍ക്കാരുകളും ഇറാനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയായിരിക്കും ഇത്.
ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ നടന്ന ഇറാന്റെ പ്രത്യാക്രമണവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും മേഖലയെ ഒട്ടാകെ കലുഷിതമാക്കിയിട്ടുണ്ട്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ജനീവയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ച പ്രധാന ഇടപെടലാണ്. സംഘര്‍ഷത്തില്‍ യുഎസ് പങ്കുചേരുന്നത് സംബന്ധിച്ചുള്ള തീരുമാനത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചതും ചര്‍ച്ചയുടെ പ്രധാന്യം ഉയര്‍ത്തുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജനീവയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രിയോട് യുഎസ് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിക്കുമെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ നയ മേധാവിയും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കും. തുടര്‍ന്ന് ഇവര്‍ അമേരിക്കന്‍ പ്രതിനിധിയും ഇറാനും തമ്മിലുള്ള ചര്‍ച്ച ഏകോപിപ്പിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇതിനോടകം യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാംമി, അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ ലോര്‍ഡ് പീറ്റര്‍ മന്‍ഡല്‍സണ്‍ എന്നിവർ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും വൈറ്റ് ഹൗസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായും ഏകദേശം മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ രാത്രിയില്‍ വാഷിങ്ടണില്‍ വെച്ച് സംസാരിച്ചതായി ബിബിസി റിപ്പോര്‍ട്ടചെയ്യുന്നു.
അതേ സമയം അമേരിക്കയുമായി ഇറാന്‍ നേരിട്ട് ചര്‍ച്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രയേലിന്റെ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാണെന്നും അതുകൊണ്ട് അവരുമായി നയതന്ത്ര ചര്‍ച്ചയ്ക്കില്ലെന്നുമാണ് യൂറോപ്പിലേക്ക് തിരിക്കും മുമ്പ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.
‘ഈ കുറ്റകൃത്യത്തിലെ ഒരു പങ്കാളിയെന്ന നിലയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനില്ല’ ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇറാന്റെ മിസൈല്‍ ശേഷികളെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ചര്‍ച്ചകള്‍ ആണവ, പ്രാദേശിക വിഷയങ്ങളെക്കുറിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവണ സമ്പുഷ്ടീകരണ പദ്ധതി പരിമിതപ്പെടുത്താന്‍ ഇറാന്‍ തയ്യാറാകുമെങ്കിലും പൂര്‍ണ്ണമായും അതില്‍നിന്ന് പിന്മാറില്ലെന്നും ഇറാന്‍ നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ആക്രമണം ചൂണ്ടിക്കാട്ടി മിസൈല്‍ പദ്ധതികളില്‍നിന്ന് പിന്മാറണമെന്ന സമ്മര്‍ദ്ദത്തേയും ഇറാന്‍ ചെറുക്കും.
Leave a Reply