ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലേക്കുള്ള വാക്സീൻ കയറ്റുമതി തടയാൻ പുതിയ നിയമനടപടികൾ സ്വീകരിച്ച് യൂറോപ്യൻ യൂണിയൻ. അംഗരാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വാക്സീൻ കയറ്റുമതി ചെയ്യുന്നത് തടയാനുള്ള അധികാരം അതാത് രാജ്യങ്ങൾക്ക് നൽകുന്ന നിയമം യൂറോപ്യൻ യൂണിയൻ കൊണ്ടുവന്നേക്കും. ബെൽജിയത്തിൽ ഉൽ‌പാദിപ്പിക്കുന്ന ഫൈസർ-ബയോ‌എൻടെക് വാക്സീൻ വിതരണം ബ്രിട്ടനിൽ തടസ്സപ്പെടുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. നാല്പതു മില്യൺ ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്ന 100 മില്യൺ ഡോസിന്റെ നാലിലൊന്ന് മാത്രമേ ഏപ്രിലിൽ ലഭിക്കുകയുള്ളൂവെന്ന് അസ്ട്രാസെനെക യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുകെ ഡോസുകൾ യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചുവിടാൻ പ്രേരിപ്പിച്ചുകൊണ്ട് ബ്രസൽസ് സമ്മർദ്ദം ചെലുത്തുകയാണ്.

ഓക്സ്ഫോർഡിലെയും സ്റ്റാഫോർഡ്ഷയറിലെയും ലാബുകളിൽ നിർമ്മിച്ച 100 മില്ല്യൺ ഡോസുകൾക്കായി യുകെ മെയ് മാസത്തിൽ അസ്ട്രാസെനെക്കയുമായി കരാർ ഒപ്പിട്ടിരുന്നു. ആദ്യത്തെ വാക്സീൻ ഇറക്കുമതി 60% കുറയുമെന്ന് ഈ ആഴ്ച ആദ്യം അസ്ട്രാസെനെക്ക ബ്രസൽസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉൽപാദന പ്രശ്‌നങ്ങൾക്ക് വ്യക്തമായ കാരണങ്ങളൊന്നും അവർ നൽകിയിട്ടില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

എന്നാൽ തർക്കം നിലനിൽക്കുന്നതിനിടയിലും 18 വയസ്സിന് മുകളിലുള്ളവർക്ക് ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് വാക്സീൻ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകി. കൊറോണ വൈറസ് വാക്‌സിനുകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതി അംഗീകരിച്ചതായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും വാക്സിനുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ കക്ഷികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഹെൽത്ത് കമ്മീഷണർ സ്റ്റെല്ല കിറിയകിഡെസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ആർക്കാണ് വാക്സിനുകൾ നൽകേണ്ടതെന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും.