അജിമോൻ ഇടക്കര
റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അതിലെ ഒരു മത്സരാർത്ഥി ബാക്കി എല്ലാവരെയും പതിന്മടങ്ങു പിന്നിലാക്കി വോട്ടിങ്ങിലും ജനപ്രീതിയിലും ഒരു പോലെ മുന്നിട്ടു കുതിക്കുന്ന അത്ഭുത കാഴ്ച്ചയിൽ ആവേശഭരിതരായിരിക്കുന്ന ലോക മലയാളികളുടെ കൂടെ യുക്കെ മലയാളികളും പങ്ക്
ചേരുന്നു. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി ഡോ . രജിത്കുമാർ പിന്തുണയ്ക്കുന്ന രജിത് ആർമിയുടെ യുകെ ഘടകം മാർച്ച് 14 നു ഈസ്റ്റ് ഹാമിൽ ഒത്തു കൂടുന്നു. കഴിഞ്ഞ ആഴ്ചയിൽ യു എ ഇയിലും , മാർച്ച് 1 നു കോട്ടയത്തും വച്ച് നടന്ന രജിത് ആർമി സമ്മേളനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് യൂറോപ്പിലെ ആദ്യ മീറ്റ് അപ് ലണ്ടനിലെ ഈസ്റ്റ് ഹാമിൽ വച്ച് മിമിക്രിയും ഗാനമേളയും അടക്കം വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ അരങ്ങേറുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക സമ്മേളനങ്ങളും അവസാനം കൊച്ചിയിൽ എല്ലാ ജില്ലാക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗ്രാന്റ് മീറ്റിങ്ങും ബിഗ് ബോസ് ഷോ തീരും മുൻപെ ഉണ്ടാകും എന്ന് രജിത് ആർമി ഫേസ് ബുക്ക് പേജ് അഡ്മിന്മാരിലൊരാൾ ആയ അമൽ അമ്പലത്തറ സൂചിപ്പിക്കുകയുണ്ടായി. ഡോ. രജിത്കുമാർ തന്റെ ജീവിതത്തിലൂടെ തന്നെ കാണിച്ചു തരുന്ന നന്മയുടെ ആശയങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കുക, പരമാവധി പ്രേക്ഷക വോട്ടുകൾ ഡോ .രജിത് കുമാറിന് ഉറപ്പു വരുത്തി അദ്ദേഹത്തെ ഈ മത്സരത്തിൽ ഒന്നാമനാക്കി മാനവസ്നേഹം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നിസ്വാർത്ഥജീവിതങ്ങളെ ഉയർത്തികാണിക്കുക എന്ന മഹത്തായ ലക്‌ഷ്യം മാത്രമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം എന്ന് യുക്കെയിൽ ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട രഘുലാൽ രവി പറയുകയുണ്ടായി.
ജാതിമതലിംഗ പ്രായ ദേശ ഭേദമെന്യേ, ഈ റിയാലിറ്റി ഷോയോടും ഇത് നടത്തുന്ന ചാനലിനോടും പ്രത്യേക മമതയോ താല്പര്യമോ ഇല്ലാത്തവർ പോലും, ഡോ . രജിത്കുമാർ എന്ന സാധാരണ മനുഷ്യന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരായി ഈ പരിപാടിയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കലാകേരളം കണ്ട് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഒഫീഷ്യൽ പേജിനേക്കാൾ പതിനായിരത്തിലധികം അംഗങ്ങൾ ആണ് രജിത് ആർമി ഫേസ് ബുക്ക് പേജിൽ ഉള്ളത് എന്നത് തന്നെ ഡോ. രജിത് കുമാർ ജനമനസ്സുകളെ എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു എന്നതിന് ശക്തമായ തെളിവാണ്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയായ രജിത് കുമാറിന് മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റും സൈറ്റോജെനറ്റിക്സിൽ സ്വർണ്ണ മെഡലോടെ എം ഫിൽ ബിരുദം, നാച്ചുറൽ സയൻസിൽ ബീ എഡ്, സൈക്കോ തെറാപ്പിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും, ഉണ്ട് . കാലടി ശ്രീ ശങ്കര കോളേജിലെ അധ്യാപകനായിരുന്ന ഡോ. രജിത് കുമാർ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആജീവനാന്ത അംഗവും ഡോ . രജിത്കുമാർ ചാരിറ്റി സർവീസസ് എന്ന ചാരിറ്റി ഓർഗനൈസേഷൻന്റെ സ്ഥാപകനും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തുന്ന ഒരു സാമൂഹ്യപ്രവർത്തകൻ ആണ്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ട്യൂഷൻ, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികൾ എന്നിവ സ്വന്തം ശമ്പളത്തിൽ നിന്ന് കണ്ടെത്തുന്ന ഡോ . രജിത്കുമാർ അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ പ്രാസംഗികനാണു. ജീവിതവിജയം കണ്ടെത്താൻ സഹായിക്കുന്ന ഒട്ടേറെ പുസ്തകൾ എഴുതിയിട്ടുള്ള ഡോ.രജിത് കുമാർ ചെറുതും വലുതുമായ അനേകം അവാർഡുകളും നേടിയിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണ സംബന്ധമായ അദ്ദേഹത്തിൻറെ ചില വിവാദപരമായ അഭിപ്രായങ്ങൾ ഒട്ടേറെ യുക്തി വാദികളും സ്ത്രീ പക്ഷവാദികളും ഏറ്റെടുത്തിരുന്നു. നീണ്ട നരച്ച താടിയും മുടിയുമൊക്കെയായി തികച്ചും സാത്വികനായ ഒരു താപസനെ പോലെ കഴിഞ്ഞ ഡോ. രജിത് കുമാർ ജനലക്ഷങ്ങൾ കാണുന്ന ഷോയ്ക്കിണങ്ങുന്ന വിധം മുടിയൊക്കെ കറുപ്പിച്ചു, താടിയൊക്കെ ഉപേക്ഷിച്ചു ഉറ്റവർ പോലും തിരിച്ചറിയാത്ത ഗെറ്റപ്പിൽ ആയിരുന്നു ബിഗ്‌ബോസ് വീട്ടിൽ പ്രവേശിച്ചത്.
ഈ മാസം പതിനാലാം തിയതി ലണ്ടനിലെ ഈസ്റ്റ് ഹാമിൽ എം എ യുകെ ഹാളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമ്മേളനം ആരംഭിക്കുക. ശനിയാഴ്ചയിലെ എപ്പിസോഡ് വലിയ സ്‌ക്രീനിൽ ഒന്നിച്ചിരുന്നു കാണാനുള്ള സൗകര്യവും പങ്കെടുക്കുന്നവർക്ക് ഭക്ഷണ ക്രമീകരണവും ഉണ്ടായിരിക്കും. രജിത് സാർ യുക്കെ ആർമിയിലെ അംഗങ്ങളും അറിയപ്പെടുന്ന ഗായകരും മിമിക്രി കലാകാരന്മാരുമായവരുടെ കലാപരിപാടികളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു . നിസ്വാർത്ഥ മാനവ സ്നേഹത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സുമനസ്സുകളെയും ഈ കൂട്ടായ്മയിലേക്ക് സുസ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു. ഈ സംഗമത്തിന്റെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രജിത്‌സർ ആർമി (UK) എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുകയോ ഇതിന്റെ സംഘാടക നിരയിൽ മുന്നിൽ നിൽക്കുന്ന രഘുലാൽ രവി (ഫോൺ 07960120099), ജോജി :- (തോമസ് ഫിലിപ്പ് -ഫോൺ 07454023115) എന്നിവരെ വിളിക്കുകയോ ചെയ്യുക.
Venue : MAUK Hall, 671 Romford Road, Manor Park, London E12 5AD
Date & Time : March 14, 2020 – 2 PM to 6 PM
Leave a Reply