അനീഷ് ജോൺ

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ആദ്യ പരിപാടിയായ സമ്മർ ഫാമിലി സ്പോർട്സ് ഡേയ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ ആഘോഷം . ഈ കഴിഞ്ഞ മെയ് 27ന് വിൻസ്റാൻലി സ്കൂൾ മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഭാഗമായ എല്ലാവരും കുടുംബസമേതം പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു.

കുട്ടികളും മുതിർന്നവരുമടക്കം വേനൽച്ചൂടിനൊപ്പം മൽസരച്ചൂടിലേക്കെത്തിയപ്പോൾ കായിക മേള കൂടുതൽ ആവേശമായിമാറി. കുട്ടികൾക്കും മുതിർന്നവരുമടക്കം നൂറുകണക്കിന് ആളുകൾ ആവേശത്തോടെ പങ്കെടുത്തപ്പോൾ അവർക്കായി വാശിയേറിയതും രസകരങ്ങളുമായ ഒട്ടേറെ മൽസരങ്ങൾക്കൊപ്പം പൊറോട്ടയും ഇടിയപ്പവും ബീഫ് കറിയും, നാടൻ ചിക്കൻ കറിയും, പരിപ്പുവടയും, ഉള്ളിവടയും, കട്ട്കേക്കും, ബോണ്ടയും, പൂവൻ പഴവും, മോരും വെള്ളവും, പൊതിച്ചോറും ഉൾപെടുന്ന സ്വാദിഷ്ടമായ നാടൻ ഭക്ഷണങ്ങളുമടങ്ങിയ ഫുഡ് സ്റ്റാളും കായിക മേളയുടെ ഭാഗമായി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തയ്യാറാക്കിയിരുന്നു.

ലെസ്റ്റ്ററിലെ ഒരേയൊരു മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായ എല്ലാവർക്കും ഒത്തുകൂടുവാനും പരിചയപ്പെടുന്നതിനും പുതുക്കുന്നതിനും വലിയ ഒരവസരം കൂടിയായി ഈ വർഷം ലെസ്റ്റർ കേരള കമ്യൂണിറ്റി സംഘടിപ്പിച്ച സ്പോർട്സ് ഡേ. കമ്മ്യുണിറ്റി അംഗങ്ങൾ ഏവരും കായികമേളയെ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ പതിവുപോലെ ഈ വർഷത്തെ കായിക മേളയും വൻ വിജയമായി. കമ്മ്യൂണിറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടിൽ നിന്നും വന്ന മാതാപിതാക്കൾക്കു സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാമെന്നതും അംഗങ്ങൾക്കിടയിൽ മതിപ്പുളവാക്കി. കേരളത്തിൽ നിന്നും നിന്നും വന്നിട്ടുള്ള മക്കളെ കാണുവാൻ ഇവിടെ എത്തിയ മാതാപിതാക്കൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു ഈ സ്പോർട്സ് ഡെ. രജിസ്റ്റർ ചെയ്ത എല്ലാ മിടുക്കൻമാരും മിടുക്കികളും മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കായിക മേളയുടെ ഭാഗമായി തയ്യാറാക്കിയ നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമായി തീർന്നു.

അതി രാവിലെ തന്നേ തുടങ്ങിയ പരിപാടികൾ മുഴുവൻ ദിവസവും നീണ്ടു നിന്നു. ഓട്ടമത്സരവും, ബോൾ ത്രോയും, ഗോൾ കിക്കും, മുട്ടായി പിറക്കലും, ഷോട്ട് പുട്ടും, ലെമൺ ആൻഡ് സ്‌പൂണും, വാശിയേറിയ കസേര കളിയും, തീറ്റ മത്സരവും, കൂടാതെ വടംവലിയും ഉൾപ്പെടെ നിരവധി മത്സരങ്ങൾ കാണികളിൽ ആവേശപ്പെരുമഴ പെയ്യിച്ചു. രമേശ് ബാബു, അജിത് സ്റ്റീഫൻ, ബിൻസി മാത്യു (ജോയിന്റ് സെക്രട്ടറി), അനു അംബി , ചന്ദന സുരേഷ് ജിജി, ജിതിൻ വിജയൻ, അജയ് പെരുമ്പലത്തു, സുബിൻ സുഗുണൻ, രാജേഷ് ട്രീസൺ, ടിന്റു സുബീഷ്, അനീഷ് ജോൺ, മനു ഷൈൻസ് തുടങ്ങിയവർ അണിനിരന്ന സ്പോർട്സ് കമ്മിറ്റിയുടെ പരസ്പരം കൈകോർത്തുള്ള പ്രവർത്തനം പരിപാടികൾ വിജയമാക്കിതീർക്കാൻ സഹായിച്ചു.

സ്വാദിഷ്ടമായ ഭക്ഷണം ആയിരുന്നു പരിപാടികളുടെ മാറ്റ് കൂട്ടിയത് എന്ന് എടുത്തു പറയേണ്ടതില്ല. രാവിലെ മുതൽ തുടങ്ങിയ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഷോപ്പിൽ മിതമായ നിരക്കിൽ നാടൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടികളുമായി വന്ന മാതാപിതാക്കൾക്ക് സുഗമമായി കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. തൂശനിലയിൽ പൊതിഞ്ഞ മീൻ വറുത്തതും ചമ്മന്തിയും മൊട്ട പൊരിച്ചതും ഒക്കെ അടങ്ങിയ ഓർമകളുടെ മണമുള്ള പൊതിച്ചോറും, ബോണ്ടയും ചെറുപഴവും വെട്ടു കേക്കും ഉഴുന്ന് വടയും പരിപ്പ് വടയും തുടങ്ങി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഫുഡ് കമ്മിറ്റി അക്ഷരാത്ഥത്തിൽ ഫാമിലി ഫൺ ഡേയുടെ യഥാർത്ഥ താരങ്ങൾ ആയി മാറി.


ടിറ്റി ജോണും ഷിബു മാത്യുവും നേതൃത്വം കൊടുത്ത കമ്മിറ്റിയിൽ ബിനു ശ്രീധരൻ, അരുൺ ഉമ്മൻ, പ്രിയദർശൻ വാസവൻ, ലൂയിസ് കെന്നടി, സനീഷ് സുകുമാരൻ, ബിജു പോൾ, ജോസ്‌ന ടോജോ , സുനിൽ ഏലിയാസ് എന്നിവരും തലേദിവസം മുതൽ പരിപാടിയുടെ വിജയത്തിനായി എല്ലാ ജോലികളും മാറ്റിവെച്ചു അണി നിരന്നു. റീസെപ്‌ഷൻ ആൻഡ് രജിസ്ട്രേഷൻ കൗണ്ടറിൽ ജെയിൻ ജോസഫും(ട്രഷറർ) ശ്യാം കുറുപ്പും (ജോ.ട്രഷറർ), സോണി ജോർജും, സ്‌മൃതി രാജീവും, അക്ഷയ് കുമാറും, രേവതി ഷൈജുവും, ബിജു മാത്യുവും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അണിനിരന്നു. കൂടാതെ എന്തിനും ഏതിനും സഹായവുമായി കമ്മ്യൂണിറ്റിയിലെ ചുണകുട്ടികളുംകൂടി ചേർന്നപ്പോൾ പരിപാടി വളരെ അനായാസമായി നടത്തിയെടുക്കുവാൻ കമ്മിറ്റിക്കായി.

രാവിലെ തുടങ്ങി വൈകിട്ട് ഒൻപതരവരെ നീണ്ടു നിന്ന പരിപാടിക്കായി വന്നു ചേർന്ന നൂറു കണക്കിന് അംഗങ്ങൾക്ക് ആസ്വാദ്യകരമായ ഭക്ഷണത്തിനൊപ്പം ആവേശോജജ്വലമായ ഓർമ്മകൾക്കൂടി സമ്മാനിച്ച് അവസാനിച്ച ഫാമിലി ഫൺ ഡേ ലെസ്റ്റർ കേരളം കമ്മ്യുണിറ്റിയുടെ ചരിത്രത്തിനു ഊടും പാവും നേർന്നു. പങ്കെടുത്ത മുഴുവൻ അംഗങ്ങളുടെയും സബ് കമ്മിറ്റികളുടെയും ആത്മാർത്ഥമായ സഹകരണത്തിന് നിസ്സീമമായ നന്ദി അറിയിക്കുന്നുവെന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജീഷ് കൃഷ്ണനും അറിയിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26ന് നടത്തുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റിയും അറിയിച്ചു.