ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്‌കോട്ട്‌ലൻഡിൻ്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഗാലോവേയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആളുകളെയും വസ്തുവകകളെയും ഒഴിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തിയിരുന്നു. അപകട സാധ്യത മുൻനിർത്തി ഈ പ്രദേശം ഒഴിവാക്കാൻ പോലീസ് ആളുകളോട് അഭ്യർത്ഥിച്ചു.
നിലവിൽ തീ അണയ്ക്കാനുള്ള പരിശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി ഹെലികോപ്റ്റർ വഴിയായി വെള്ളം പമ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുകെയിലുടനീളമുള്ള താപനില ഉയരുന്നത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കാട്ടുതീ മുന്നറിയിപ്പ് നൽകുന്നതിന് കാരണമായി. ഗാലോവേയിലെ തീ ഇപ്പോൾ അടുത്തുള്ള ബെന്നാൻ, ലാമച്ചൻ കുന്നുകളിലേക്ക് നീങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറ്റിൻ്റെ ഗതി മാറിയതിന് ശേഷം ഈസ്റ്റ് അയർഷയറിലെ ലോച്ച് ഡൂൺ മേഖലയിലേക്ക് തീ പടരാൻ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൂണിന് സമീപം ഉൾപ്പെടെയുള്ള പ്രദേശത്ത് താമസിക്കുന്നവരോട് ജനലുകളും വാതിലുകളും അടച്ചിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply