ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മാലിന്യ സംസ്കരണത്തിനുള്ള നടപടിക്രമങ്ങൾ അടിമുടി മാറ്റം വരുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇനിമുതൽ ഓരോ വീട്ടിലും നാല് ബിന്നുകൾ ആണ് വിവിധ തരത്തിലുള്ള മാലിന്യം ശേഖരിക്കുന്നതിനായി സ്ഥാപിക്കപ്പെടുന്നത്. 2025 മാർച്ചിൽ പുതിയ രീതി നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മാലിന്യ സംസ്കരണത്തിനായി കൂടുതൽ മെച്ചപ്പെട്ട സംവിധാനത്തിനായി വിവിധ തരത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു. തുടക്കത്തിൽ വിവിധതരം മാലിന്യങ്ങൾക്കായി ഏഴ് ബിന്നുകൾ വരെയാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും, ലേബർ ഗവൺമെൻ്റ് ഇപ്പോൾ ബിന്നുകളുടെ എണ്ണം നാലായി കുറയ്ക്കുന്ന ഒരു നവീകരിച്ച പദ്ധതിക്കുള്ള രൂപരേഖയാണ് അന്തിമമായി തയ്യാറാക്കിയിരിക്കുന്നത്. വിവിധ വിഭാഗത്തിൽപ്പെട്ട മാലിന്യങ്ങൾക്കായാണ് 4 ബിന്നുകൾ ഉപയോഗിക്കപ്പെടുന്നത്.
ഇംഗ്ലണ്ടിൽ ഉടനീളം ഒരു ഏകീകൃത റിസൈക്ലിംഗ് നയം സൃഷ്ടിക്കുകയാണ് പുതിയ മാറ്റത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങളുടെ കാര്യക്ഷമമായ സംസ്കരണം വ്യത്യസ്ത വിഭാഗങ്ങൾക്കായി 4 ബിന്നുകൾ അവതരിപ്പിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മലിനീകരണത്തിന്റെ അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇതിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക്, ലോഹങ്ങൾ, ഗ്ലാസ് തുടങ്ങിയ മറ്റെല്ലാ ഡ്രൈ റീസൈക്കിൾ ചെയ്യാവുന്നവയും ഒരുമിച്ച് ശേഖരിക്കാം.
Leave a Reply