ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓരോ മോഷണവും പോലീസ് അന്വേഷിക്കുകയും കുറ്റവാളികളെ പിടിക്കാൻ ന്യായമായ എല്ലാ വഴികളും പിന്തുടരുകയും വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. കുറ്റവാളികൾ പലപ്പോഴും സമൂഹത്തിൽ സ്വതന്ത്രരായി കഴിയുന്നെന്നും ഇത് തികച്ചും അസ്വീകാര്യം ആണെന്നും സുവല്ല ബ്രാവർമാൻ പറഞ്ഞു. മാർച്ച് വരെയുള്ള ഒരു വർഷത്തിൽ, 4.4% മോഷണങ്ങളിൽ മാത്രമാണ് ഒരാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ഇത്തരം ചെറിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള പുതിയ മാർഗനിർദേശം ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ സേനകൾക്കും നൽകിയിട്ടുണ്ട്. ഹോം ഓഫീസ്, നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ, പോലീസിംഗ് സ്റ്റാഫിന്റെ പ്രൊഫഷണൽ ബോഡിയായ കോളേജ് ഓഫ് പോലീസും തമ്മിലുള്ള ചർച്ചകളെ തുടർന്നാണിത്. ഫോൺ മോഷണം, കാർ മോഷണം, വാച്ച് മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളോട് പോലീസ് മുഖം തിരിക്കരുതെന്ന് സുവല്ല പറഞ്ഞു. സിസിടിവി, ഡോർബെൽ വീഡിയോകൾ അല്ലെങ്കിൽ ഫോൺ ലൊക്കേഷന്റെ ജിപിഎസ് ട്രാക്കിംഗ് പോലുള്ള തെളിവുകൾ പോലീസ് പിന്തുടർന്ന് പ്രതിയെ തിരിച്ചറിയണമെന്ന് അവർ പറഞ്ഞു.
ഹോം ഓഫീസ് കണക്കുകൾ പ്രകാരം മാർച്ച് വരെയുള്ള ഒരു വർഷത്തിൽ ക്ലോസ് ചെയ്ത മോഷണക്കേസുകൾ 73.7% ആണ്. വാഹനമോഷണത്തിൽ ഒരാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത് 1.8% കേസിൽ മാത്രമാണ്. കഴിഞ്ഞ വർഷം മെറ്റ് പോലീസിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ലണ്ടനിൽ ഒരു ദിവസം 250 മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ സേന അമിത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പോലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് പറഞ്ഞു.
Leave a Reply