ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാല്പതു വയസ് കഴിഞ്ഞവർക്ക് ഇനി വീട്ടിലിരുന്നു തന്നെ ഹെൽത്ത് ടെസ്റ്റ് നടത്താം. ഹൃദ്രോഗവും അമിതവണ്ണവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന 40 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്കായി അടുത്ത സ്പ്രിംഗ് മുതൽ ആരംഭിക്കും. ഡിജിറ്റൽ എൻഎച്ച്എസ് ആരോഗ്യ പരിശോധനയിൽ ഒരു ഓൺലൈൻ ആരോഗ്യ ചോദ്യാവലിയും ഉൾപ്പെടുന്നു. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ പത്തു ലക്ഷം പരിശോധനകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിശോധനകളിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ സംരക്ഷണ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ വളരെ ലളിതമായി പരിശോധനകൾ നടത്താനും ഡോക്ടർമാരിൽ നിന്ന് ഉപദേശം തേടാനും പുതിയ ഡിജിറ്റൽ ചെക്ക്-അപ്പിലൂടെ സാധിക്കും.
ശരീരഭാരം, ഉയരം, ഭക്ഷണക്രമം, മദ്യപാനം, വ്യായാമത്തിന്റെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ വിലയിരുത്തൽ ഉണ്ടാവും. ആവശ്യമെങ്കിൽ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും പരിശോധിക്കാൻ ആവശ്യപ്പെടും. ടെസ്റ്റിന്റെ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.
ഓൺലൈൻ ചോദ്യാവലി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയാണ് ലഭിക്കുക. ആദ്യ നാല് വർഷത്തിനുള്ളിൽ 400 ഓളം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ പുതിയ ഡിജിറ്റൽ പരിശോധന സഹായിക്കുമെന്ന് സർക്കാർ പറയുന്നു.
Leave a Reply