ലണ്ടന്‍: ബ്രിട്ടീഷ് സമ്മറിന് അന്ത്യം കുറിച്ചുകൊണ്ട് ഗെര്‍ട്ട് ചുഴലിക്കൊടുങ്കാറ്റ് വരുന്നു. ഈ ആഴ്ച അവസാനത്തോടെ ഗെര്‍ട്ട് യുകെയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. രാജ്യമൊട്ടാകെ ഇതിന്റെ പ്രഭാവമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സമ്മര്‍ അവസാനത്തോടെ ഇത്തരം ചുഴലിക്കാറ്റുകള്‍ പതിവാണെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ ചുഴലിക്കാറ്റായിരുന്ന സമ്മറിന്റെ അവസാനം എത്തിയത്. 2015ല്‍ കെയിറ്റ് ചുഴലിക്കാറ്റ് ഇതേ സമയത്ത് എത്തിയിരുന്നു.

2014ല്‍ ബെര്‍ത്തയെന്ന് പേരുള്ള ചുഴലിക്കാറ്റാണ് യുകെയില്‍ എത്തിയത്. ഓഗസ്റ്റ് 19, 20 തിയതികളില്‍ (ശനി, ഞായര്‍) ഗെര്‍ട്ട് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ ശീതജലപ്രവാഹം മൂലം രൂപമാറ്റം സംഭവിച്ച ചുഴലിക്കാറ്റാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകയായ ക്ലെയര്‍ നാസിര്‍ പറഞ്ഞു. വെസ്റ്റേണ്‍ യൂറോപ്പിലേക്കുള്ള ശീതജലത്തിന്റെ പ്രവാഹം മൂലം ചൂഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറാന്‍ ഇടയുണ്ടെന്നും അവര്‍ പറഞ്ഞു. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നിന്ന് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ഗെര്‍ട്ട്. ഇത് ഒരു കാറ്റഗറി 1 കൊടുങ്കാറ്റാണ്.

ഇപ്പോള്‍ അമേരിക്കന്‍ തീരത്തിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഇത് കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. ഇന്ന് കാനഡയുടെ കിഴക്കന്ഡ പ്രദേശം കടക്കുന്ന ഗെര്‍ട്ടിന് ശക്തി കുറയുകയും അറ്റ്‌ലാന്റിക്കിന് മധ്യത്തില്‍വെച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. വെള്ളിയാഴ്ചയോടെ യുകെയില്‍ എത്തുന്ന ഗെര്‍ട്ട് ഞായറാഴ്ച വരെ തുടരുമെന്നാണ് വിവരം. കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.