ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അക്കാദമിക് പഠനങ്ങളുടെ തടവറയിൽ അടക്കപെടുന്ന വിദ്യാർത്ഥികളുള്ള ഈ കാലത്ത് പതിനാറാം വയസ്സിൽ സ്വന്തം മ്യൂസിക് വീഡിയോ പുറത്തിറക്കി മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബ്രിട്ടനിലെ കോൾചെസ്റ്ററിൽ നിന്നുള്ള മലയാളി പെൺകുട്ടി ഈവ് ഇലൈൻ. സംഗീത ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കുവാൻ ഉതകുന്ന തരത്തിൽ, ” മൈ ലവർ ” എന്ന പേരിലാണ് ഈവ് തന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ മ്യൂസിക് വീഡിയോയിലെ പാട്ടിന്റെ വരികൾ രചിച്ചതും, അതിനു സംഗീതം നൽകിയതും, ആവശ്യമായ ഓർക്കസ്ട്രേഷൻ നൽകിയതുമെല്ലാം ഈവ് എന്ന പെൺകുട്ടി ഒറ്റയ്ക്കാണ്. പാട്ടുകാരിയും, അതോടൊപ്പം തന്നെ രചയിതാവുമായ ഈവ്, ഒന്നിൽ കൂടുതൽ ഇൻസ്ട്രുമെന്റുകളിൽ വൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തിയാണ്. അതോടൊപ്പം തന്നെ ഈ മ്യൂസിക് വീഡിയോയുടെ പ്രൊഡക്ഷനും ഈവ് തന്റെ പേരിൽ ആരംഭിച്ച ‘ടീൽ മെഡോ’ എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെയാണ് എന്നത് കേൾക്കുന്നവരെ ആകെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇത്രയും ചെറിയ പ്രായത്തിൽ സ്വന്തം പരിശ്രമത്തിൽ ഇത്തരം ഒരു വീഡിയോ പുറത്തിറക്കുവാനുള്ള ഈവിന്റെ കഴിവ് സംഗീത മേഖലയ്ക്ക് തന്നെ മുതൽക്കൂട്ട് ആണ്.


2024 ജനുവരി 12നാണ് “മൈ ലവർ ” എന്ന മ്യൂസിക് ആൽബത്തിന്റെ ഡിജിറ്റൽ റിലീസ് നടന്നത്. കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ വിവിധതരം ഭാവപ്പകർച്ചകൾ കൊണ്ടുവരുവാൻ സാധിക്കുന്ന തരത്തിൽ അത്രയും മനോഹരമാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും. ഈവിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ @EveElyneofficial എന്ന ചാനലിലാണ് വീഡിയോ ആദ്യം റിലീസ് ചെയ്തത്. ഈ റിലീസിന് സഹായിച്ചത് ഓസ്കാർ പട്ടികയിൽ ഇടം നേടിയ സിനിമയായ ഡാം 999 ന്റെ ഡയറക്ടറും, യു എ ഇ യിലേ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒ യുമായ സോഹൻ റോയിയാണ്.

എസ്സെക്സ് ഡിസ്ട്രിക്റ്റിലെ കോൾചെസ്റ്റർ എന്ന സ്ഥലത്തെ ദെധം എന്ന ഗ്രാമവും പരിസരപ്രദേശങ്ങളുമാണ് വീഡിയോയ്ക്ക് ഷൂട്ടിംഗ് പ്രദേശമായി മാറിയത്. നിലവിൽ കോൾചെസ്റ്ററിലെ ‘ ദി ഗിൽബേർഡ് ‘ സ്കൂളിൽ വിദ്യാർഥിനിയാണ് ഈവ് ഇലൈൻ. സ്കൂളിലും നിരവധി നേതൃത്വ സ്ഥാനങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു വരികയാണ് ഈവ്. ഡെപ്യൂട്ടി ഹെഡ് ഗേൾ, സ്കൂളിലെ സോൾ ബാൻഡിലെ ലീഡ് ഇലക്ട്രിക് ഗിറ്റാറിസ്റ്റ്, സ്പോർട്സ് ക്യാപ്റ്റൻ, ഡൈവേഴ്സിറ്റി ചാമ്പ്യൻ എന്നീ നിലകളിൽ എല്ലാം തന്നെ ഈവ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇതോടൊപ്പം തന്നെ സ്കൂൾ നടത്തിയ പബ്ലിക് സ്പീക്കിംഗ് മത്സരങ്ങളിൽ റണ്ണറപ്പ് ആയിരുന്നു ഈവ്. ഇത്തരത്തിൽ അക്കാദമിക്‌ രംഗത്തും കലാകായിക രംഗത്തും നിറഞ്ഞ സാന്നിധ്യമാണ് ഈവ്.


തികഞ്ഞ അർപ്പണബോധത്തോടെയാണ് ഈവ് തന്റെ സംഗീത യാത്രയെ കാണുന്നത്. ഭാവിയിൽ ലോകം അറിയുന്ന ഒരു സംഗീതജ്ഞ ആവുക എന്ന ലക്ഷ്യമാണ് ഈവിനുള്ളത്. ഡ്രംസ്, ഇലക്ട്രിക് & അകൗസ്റ്റിക് ഗിറ്റാർ, കീബോർഡ്, പിയാനോ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഈവ് അഗ്രഗണ്യയാണ്. 12 വയസ്സ് മുതൽ തന്നെ പാട്ടുകൾ എഴുതിയിരുന്നുവെന്ന് ഈവിന്റെ കുടുംബം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒമ്പതാം വയസ്സ് മുതൽ ആരംഭിച്ച കീബോർഡ് പഠനം ഇപ്പോൾ ട്രിനിറ്റി ഗ്രേഡ് 6 എത്തി നിൽക്കുകയാണ്. ഗ്രേഡ് 7 നേടാനുള്ള കഠിന പരിശ്രമത്തിലാണ് ഈവ്. അതോടൊപ്പം തന്നെ മുൻപ് ല്യുട്ടണിലെ കാർഡിനൽ ന്യൂമാൻ കാത്തലിക് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഈവ് സ്കൂളിലെ റോക്ക് ബാൻഡിനോടൊപ്പം ചേർന്ന് ‘ ബാറ്റിൽ ഓഫ് ദി ബാഡ്സിൽ ചേർന്നും തന്റെ കഴിവുകൾ തെളിയിതെളിയിച്ചിരുന്നു .

“മൈ ലവർ ” എന്ന പ്രോജക്ടിന് പിന്നിലെ ക്യാമറ ചലനങ്ങൾക്ക് ചുക്കാൻ പിടിച്ചത് യുകെയിൽ താമസിക്കുന്ന മലയാളിയായ ആദർശ് കുര്യൻ ആണ് . അതോടൊപ്പം തന്നെ ഈവിന്റെ ഗാനത്തിന്റെ പാട്ട് മിക്സിങ്ങിലും മറ്റും സഹായിച്ചത് സൗണ്ട് എൻജിനീയറും കോൾചെസ്റ്ററിലെ ബ്ലാക്ക് ക്യാക്റ്റസ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ അലൻ ജോൺസ് ആണ്. പാട്ടിനു വേണ്ടി ഗിറ്റാർ കൈകാര്യം ചെയ്തത് ഈവിന്റെ അടുത്ത സുഹൃത്തായ ഫിൻ ഗോഡ്വിനാണ്.

സംഗീത ലോകത്തേക്കുള്ള ഈവിന്റെ ഒരു നിർണായക ചുവടുവെപ്പാണ് ഈ മ്യൂസിക് ആൽബത്തിന്റെ റിലീസ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഈവിന് മലയാളം യുകെയുടെ എല്ലാവിധ ആശംസകളും നേരുന്നു.