സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്നു താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി അന്തിമഘട്ടത്തിലെത്തിയപ്പോഴും ഉടമകളുടെ ഒഴിഞ്ഞുപോക്ക് തുടർന്നു. നാലു ഫ്ളാറ്റ് സമുച്ചയങ്ങളുടെയും ഭാഗികമായ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളിലെ അഞ്ചു ബഹുനില കെട്ടിടങ്ങളിലായി താമസിച്ചിരുന്ന വാടകക്കാരും ഉടമകളുമായ ഭൂരിഭാഗം പേരും ഒഴിഞ്ഞു പോയി. ആകെ താമസക്കാരുണ്ടായിരുന്ന 328 ഫ്ളാറ്റുകളിലെ 270 കുടുംബങ്ങൾ സാധനങ്ങളുമായി ഒഴിഞ്ഞു പോയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. സാധനങ്ങൾ മാറ്റാനും മറ്റും സമയം നീട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചവർക്ക് അതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
ഉടമകൾ വിദേശത്തായതിനാൽ പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ടുമെന്റുകളുമുണ്ട്. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം റവന്യു ഉദ്യോഗസ്ഥർ ഫ്ളാറ്റുകൾ തുറന്നു സാധനങ്ങളുണ്ടെങ്കിൽ നീക്കംചെയ്യും. പുനരധിവാസത്തിന് ഇന്നലെ വരെ അപേക്ഷ നൽകിയ മുഴുവൻ പേർക്കും താമസ സൗകര്യം അനുവദിക്കാൻ നടപടി എടുത്തിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
പൊളിക്കൽ നടപടിക്രമം അധികൃതർ ദ്രുതഗതിയിലാക്കി. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനു മുന്പുള്ള നടപടിക്രമങ്ങൾ ഈ മാസം എട്ടോടെ പൂർത്തിയാക്കി ഒന്പതിനു പൊളിക്കൽ കരാർ ഏറ്റെടുത്തിരിക്കുന്ന കന്പനിക്കു കൈമാറാനാണ് അധികൃതർക്കു ലഭിച്ചിരിക്കുന്ന നിർദേശം. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്ന ഘട്ടത്തിൽ സമീപത്തെ താമസക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം കരാർ ഏറ്റെടുത്തു നടപ്പിലാക്കുന്ന കന്പനിക്കായിരിക്കും. 11നു രാവിലെ മുതൽ നാലു ഫ്ളാറ്റ് സമുച്ചയങ്ങളും ഒരേ സമയം പൊളിക്കൽ ആരംഭിക്കും വിധമാണ് സമയക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അതിനിടെ, പൊളിക്കുന്നതിനു കരാർ നൽകാൻ തെരഞ്ഞെടുത്ത കന്പനികളുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ സബ് കളക്ടർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം ചർച്ച നടത്തും.
Leave a Reply