ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാഞ്ചെസ്റ്റർ സിറ്റിയുടെ മുൻ ഫ്രഞ്ച് താരം ബെഞ്ചമിൻ മെൻഡി ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു. 2020 ഒക്ടോബറിൽ ചെഷെയറിലെ മോട്രം സെന്റ് ആൻഡ്രുവിലെ സ്വന്തം വീട്ടിൽവെച്ച് മെൻഡി 24-കാരിയായ വനിതയെ ആക്രമിച്ചു എന്നതാണ് ഒരു കേസ്. 29 വയസ്സുള്ള മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും മെൻഡി കുറ്റാരോപിതനായിരുന്നു. രണ്ട് വർഷം മുമ്പ് തന്റെ വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ജനുവരിയിൽ നേരത്തെ നടന്ന വിചാരണയിൽ ആറ് ബലാത്സംഗ കേസുകളിൽ മെൻഡി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ രണ്ട് കേസുകളിലും തെളിവുകൾ ഇല്ലെന്ന കാരണത്താൽ കുറ്റവിമുക്തനാക്കപ്പെട്ടത്. ചെസ്റ്റർ ക്രൗൺ കോടതിയിൽ മൂന്നാഴ്ചത്തെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് വിധിച്ചപ്പോൾ മെൻഡി പൊട്ടിക്കരഞ്ഞു.
താൻ ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നും ആരെയും നിർബന്ധിച്ച് ശാരീരിക ബന്ധം പുലർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണയ്ക്കിടെ താരം വ്യക്തമാക്കിയിരുന്നു. 10,000 സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തിയെന്നു ബലാത്സംഗം ചെയ്ത ശേഷം മെൻഡി പറഞ്ഞതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടത്. ഇത് രണ്ടാം തവണയാണ് മെൻഡി വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരനല്ലെന്ന് ജൂറി കണ്ടെത്തുകയും ചെയ്യുന്നത്. രണ്ട് ജൂറികളും ശരിയായ വിധിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജെന്നി വിൽറ്റ്ഷയർ പറഞ്ഞു.
കേസിൽ അറസ്റ്റിലായതോടെ താരത്തെ പുറത്താക്കിയതായി മാഞ്ചെസ്റ്റർ സിറ്റി അറിയിച്ചിരുന്നു. 2017-ലാണ് മൊണാക്കോയിൽ നിന്ന് ലെഫ്റ്റ് ബാക്കായ മെൻഡി മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. ആറ് വർഷ കരാറിൽ ഇംഗ്ലീഷ് വമ്പൻമാരുടെ പാളയത്തിലെത്തിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു. 75 മത്സരങ്ങൾ താരം സിറ്റിക്കായി കളിച്ചു. 2018-ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും മെൻഡി അംഗമായിരുന്നു.
Leave a Reply