ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്റർഷെയറിൽ ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് അറുപത്തിയേഴുകാരിക്ക് ദാരുണാന്ത്യം. ആംബുലൻസിനെ വിളിച്ച് മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തകർ എത്താതിരുന്നതിന് പിന്നാലെയാണ് ലെസ്റ്റർഷെയറിൽ നിന്നുള്ള ജാനറ്റ് ലിയോൺ മരണമടഞ്ഞത്. ഡിസംബർ 27 ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജാനറ്റ് ലിയോൺ 999 ലേക്ക് വിളിച്ചത്.

ജീവന് അപകടകരമല്ലാത്ത പ്രശ്‌നമാണ് എന്ന് നിർണ്ണയിച്ച 999 കോൾ ഹാൻഡ്‌ലർ ജാനെറ്റിനോട് വാക്ക്-ഇൻ സെൻ്ററിലേക്കോ ജിപിയുടെ അടുത്തേക്കോ പോകാൻ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് (EMAS) ക്ഷമാപണം നടത്തി രംഗത്ത് വന്നു. ജാനെറ്റ് ലിയോണിൻ്റെ മകൾ കാറ്റി കീറ്റിംഗ് ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസിന് ഒരു ഔപചാരിക പരാതി നൽകിയിട്ടുണ്ട്.

ചികിത്സ വേണ്ട രീതിയിൽ ലഭിച്ചിരുന്നെങ്കിൽ തടയാമായിരുന്ന മരണമാണ് തൻെറ അമ്മയുടേത് എന്ന് കാറ്റി കീറ്റിംഗ് പറയുന്നു. ലിയോണിൻ്റെ മരണ സർട്ടിഫിക്കറ്റിൽ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് പറയുന്നുണ്ട്. ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് ശ്വാസം ലഭിക്കാതെയാണ് ജാനറ്റ് മരണമടഞ്ഞത്. കോൾ ഹാൻഡ്‌ലർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞിരുന്നേൽ അമ്മയെ തങ്ങൾ എ&ഇ-യിലേക്ക് ഉടൻ തന്നെ കൊണ്ടുപോകുമായിരുന്നുവെന്നും മകൾ കാറ്റി പറഞ്ഞു. അതേസമയം ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് കുടുംബത്തിന് അയച്ച കത്തിൽ കോൾ സമയത്ത് നൽകിയ വിവരങ്ങളിൽ നിന്ന് കാറ്റഗറി 3 എമർജൻസി ആയാണ് സംഭവത്തെ കണക്കാക്കിയിരുന്നതെന്ന് പറയുന്നു.