ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം: മുൻ പ്രീമിയർ ലീഗ് റഫറിയായ ഡേവിഡ് കൂട്ട് (43) കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു. 15 വയസുള്ള സ്കൂൾ യൂണിഫോം ധരിച്ച ബാലനെ ഉൾക്കൊള്ളുന്ന കാറ്റഗറി എ വീഡിയോ അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ വ്യാഴാഴ്ച വിധി പ്രസ്താവിച്ച ജഡ്ജി നിർമൽ ശാന്ത് കെ.സി., ഒൻപത് മാസം തടവ് ശിക്ഷയാണ് വിധിച്ചത് . കൂടാതെ 10 വർഷത്തേക്കുള്ള സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും കോടതി ഏർപ്പെടുത്തി.

2020 ജനുവരി 2 ന് ഡെൽ ലാപ്ടോപ്പിൽ നിന്ന് രണ്ട് മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഡൗൺലോഡ് ചെയ്ത് കണ്ടതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ‘നിർമിക്കൽ’ എന്ന കുറ്റം ഡൗൺലോഡ് ചെയ്യൽ, സൂക്ഷിക്കൽ, പങ്കുവെക്കൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണെന്ന് കോടതി വ്യക്തമാക്കി. “ഇത്തരമൊരു കുറ്റം യഥാർത്ഥ കുട്ടികളെ നേരിട്ട് ബാധിക്കുകയും അവരുടെ ജീവിതത്തിൽ ദീർഘകാല മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു,” ജഡ്ജി കൂറ്റിനോട് പറഞ്ഞു. തുടക്കത്തിൽ കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം കുറ്റം സമ്മതിക്കുകയായിരുന്നു.

2018ൽ പ്രീമിയർ ലീഗിൽ ആദ്യ മത്സരം നിയന്ത്രിച്ച കൂട്ട്, പിന്നീട് ഗുരുതര ആരോപണങ്ങളിലൂടെ കരിയർ നഷ്ടപ്പെടുത്തുകയായിരുന്നു . 2024ൽ ജർഗൻ ക്ലോപ്പിനെക്കുറിച്ചുള്ള വീഡിയോ പരാമർശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു ; യൂറോ 2024 സമയത്ത് ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ യുവേഫ 2025 ജൂൺ 30 വരെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു . കൊക്കെയിൻ കൈവശം വെച്ചതിന് മുന്നറിയിപ്പും ഇയാൾക്ക് ലഭിച്ചിരുന്നു .











Leave a Reply