ലണ്ടന്‍: യുകെയിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേരും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് സര്‍വേ. വിഷാദം, അമിത ആകാംക്ഷ, സമ്മര്‍ദ്ദം എന്നിവയാണ് തോഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ജൂനിയര്‍, സീനിയര്‍ തലത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. പങ്കെടുത്ത 2000 ജീവനക്കാരില്‍ 34 ശതമാനം പേരും തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി വെളിപ്പെടുത്തി. ജീവനക്കാരില്‍ ആറില്‍ ഒരാള്‍ക്ക് വീതം ഈ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പഠനം തെളിയിക്കുന്നത്.

പിഡബ്ല്യുസി എന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് സര്‍വേഫലം പുറത്തു വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി. മാനസികാരോഗ്യ മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും ഫണ്ടുകള്‍ കാര്യമായി നല്‍കാതെയും സംവിധാനത്തെത്തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനം നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. മാനിസികാരോഗ്യ പ്രശ്‌നങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നും എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി.

ക്വീന്‍സ് സ്പീച്ചില്‍ മാനസികാരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. 39 ശതമാനം ജീവനക്കാരും ഇത്തരം പ്രശ്‌നങ്ങള്‍ മൂലം തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ജോലി സമയം കഴിയുന്നതിനു മുമ്പ് പോകേണ്ടി വരികയോ ചെയ്യേണ്ടി വന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുക്കുന്നില്ലെന്ന് 23 ശതമാനം പേര്‍ വിശ്വസിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളുടെ ആരോഗ്യപ്രശ്‌നം തൊഴിലുടമയോട് വെളിപ്പെടുത്തുന്നത് ശരിയാവില്ലെന്ന അഭിപ്രായക്കാരാണ് 39 ശതമാനവും.