ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എത്തുന്ന മലയാളികളിൽ പലരും കടുത്ത മദ്യപാനശീലത്തിലേയ്ക്ക് വഴുതി വീഴാനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ നിലവിലുണ്ട്. മദ്യത്തിന്റെ ലഭ്യതയും വിലക്കുറവും ജീവിത സാഹചര്യങ്ങളും എല്ലാം അമിതമായ മദ്യപാനശീലത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ്. പ്രത്യേകിച്ച് സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇടയിൽ അനിയന്ത്രിതമായ രീതിയിലുള്ള ആൾക്കഹോൾ ഉപയോഗം മൂലം ഉണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തകൾ സൃഷ്ടിക്കാറുണ്ട്.
ഇംഗ്ലണ്ടിൽ മദ്യപാനം മൂലമുള്ള മരണനിരക്ക് കുതിച്ചുയരുന്നതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് ഈ സാഹചര്യത്തിൽ വളരെ പ്രാധാന്യമുണ്ട് . കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 – ല്‍ 8200 ലധികം ആളുകളാണ് മദ്യപാനം മൂലം മരിച്ചത്. 2019 മായി താരതമ്യം ചെയ്യുമ്പോൾ 42 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു.
ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് മദ്യപാനം മൂലമുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് കാണിക്കുന്നത്. സ്‌കോട്ട്‌ലൻഡിലെ പോലെ ഓരോ യൂണിറ്റിനും കുറഞ്ഞ വിലക്ക് ഏർപ്പെടുത്തിയാൽ മദ്യ ഉപഭോഗം കുറയ്ക്കാനാകുമെന്ന് ആൽക്കഹോൾ ഹെൽത്ത് അലയൻസ് യുകെ പറയുന്നു. മദ്യപാന മരണങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണെന്നത് അംഗീകരിക്കാനാവില്ലെന്നും ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായുള്ള 10 വർഷത്തെ പദ്ധതിയിൽ പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് . കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും ജനങ്ങളുടെ ഇടയിൽ മദ്യപാനശീലം കൂട്ടിയത് മരണനിരക്ക് കൂടുന്നതിന് കാരണമായതായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. മദ്യപാനം മൂലം ഉണ്ടാകുന്ന രോഗങ്ങൾ എൻഎച്ച്എസിനും കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.
യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട ആശുപത്രി അഡ്മിഷൻ 2022- ൽ 976,000 ആയതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനം വർദ്ധനവാണ് ഇത്. മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങൾക്കായി എൻ എച്ച് എസ് പ്രതിവർഷം £3.5 ബില്യൺ ആണ് ചെലവഴിക്കുന്നത് . ഇത് എൻ എച്ച് എസിന്റെ മൊത്തം ബജറ്റിൻ്റെ ഏകദേശം 3 % ന് തുല്യമാണ്. ആക്സിഡൻറ് ആൻഡ് എമർജൻസി വഴിയുണ്ടാകുന്ന അഞ്ചിൽ ഒരു കേസ് മദ്യപാനവുമായി ബന്ധപ്പെട്ടതാണ്. വാരാന്ത്യത്തിൽ ഇത് 70 ശതമാനമായി ഉയർന്നത് അത്യാഹിത വിഭാഗത്തിന് കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതുകൂടാതെ ആൾക്കഹോളിന്റെ ദുരുപയോഗം ഗാർഹിക പീഡന കേസുകൾ ഉയരുന്നതിനും കാരണമാകുന്നുണ്ട്. 12 ശതമാനം ഗാർഹിക പീഡന പരാതിയിലും വില്ലനാകുന്നത് അമിതമായ മദ്യപാനമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply