ന്യൂഡല്‍ഹി: അരലക്ഷത്തിലധികം രൂപയുടെ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ ഡല്‍ഹിയില്‍ നട്ടംതിരിയുകയാണ് ഫിലിപ്പ് ജോണ്‍ എന്ന അമേരിക്കന്‍ മലയാളി. തന്റെ കൈവശമുള്ള നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുന്നില്ലെന്നതാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരാതി. പഴയ നോട്ടുമാറാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സാവകാശമുണ്ട്. എന്നാല്‍, ഫിലിപ്പ് ജോണിന്റെ അമേരിക്കന്‍ പൗരത്വമാണ് തിരിച്ചടിയായത്. ഇരുപതിലധികം വര്‍ഷമായി ന്യൂയോര്‍ക്കിലാണ് അറുപത്തിയഞ്ചുകാരനായ ഫിലിപ്പ് ജോണ്‍. ഏറെ മാസങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലെത്തിയത്.
കഴിഞ്ഞവര്‍ഷം തിരിച്ചുപോകുമ്പോള്‍ ചെലവിനായി കരുതിയ അന്‍പത്തൊമ്പതിനായിരം രൂപയാണ് ഇപ്പോള്‍ കൈയിലുള്ളത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ സാവകാശമുണ്ടെന്നറിഞ്ഞാണ് റിസര്‍വ് ബാങ്കിലെത്തിയത്. ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് ഉണ്ടെങ്കിലും അതൊന്നും ഇളവുനല്‍കാന്‍ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് പണം റിസര്‍വ് ബാങ്കിനുമുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും താക്കീതുചെയ്തു. അസാധുനോട്ടുകള്‍ കൈവശംവെച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണിപ്പോള്‍. കോടതിയെ സമീപിക്കുന്നകാര്യവും പരിഗണനയിലുണ്ട്.
ഇതേ പ്രശ്‌നം നേരിടുന്ന നിരവധി പ്രവാസി ഇന്ത്യക്കാരാണ് ദിവസവും റിസര്‍വ് ബാങ്കിന്റെ മുന്നിലെത്തുന്നത്. വിദേശപൗരത്വമുള്ളതുകൊണ്ട് കൈവശമുള്ള പണം എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് പ്രവാസികൾ.