ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ മദ്യനയത്തിന്റെ ആസൂത്രണങ്ങളിൽ നിന്ന് മദ്യ വ്യവസായങ്ങളെ ഒഴിച്ച് നിർത്തണമെന്ന കർശന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പൊതുജനാരോഗ്യ പ്രവർത്തകർ. മദ്യം മൂലം നേരിട്ടുള്ള മരണങ്ങളുടെ കണക്ക് പുതിയ റെക്കോർഡ് കടന്നതോടെയാണ് ഈ ആവശ്യം ആരോഗ്യ പ്രവർത്തകർ ഉന്നയിക്കുന്നത്. ഒരു വർഷം 10,000 ത്തോളം പേരാണ് പുതിയ കണക്കുകൾ പ്രകാരം മദ്യത്തിന്റെ ഉപയോഗം മൂലം ബ്രിട്ടനിൽ മരണപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസിന്റെ നിർദ്ദേശങ്ങളിൽ മദ്യനിർമ്മാതാക്കളെയും വ്യവസായ ധനസഹായ ഗ്രൂപ്പുകളായ പോർട്ട്മാൻ, ഡ്രിങ്ക്വെയർ തുടങ്ങിയവയെയും ഒരു കൈയകലത്തിൽ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യവസായങ്ങൾ എപ്പോഴും തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും, അത് ബ്രിട്ടന്റെ മദ്യനയത്തിനു ദോഷം ചെയ്യുന്നതാണെന്നും അവർ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പുകയില കമ്പനികളെപ്പോലെ, മദ്യ കമ്പനികൾക്കും ആരോഗ്യ നയം തടസ്സപ്പെടുത്തുകയും കാലതാമസം വരുത്തുകയും ചെയ്യുന്ന ഒരു നീണ്ട ചരിത്രമുണ്ടെന്നും, അതിനാലാണ് മദ്യവ്യവസായങ്ങളിൽ നിന്നുള്ള അനാവശ്യമായ സ്വാധീനങ്ങൾക്ക് വഴങ്ങരുതെന്ന് ലോകാരോഗ്യ സംഘടന സർക്കാരുകളെ ഉപദേശിക്കുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് ചീഫ് എക്‌സിക്യുട്ടീവ് ഡോ. കാതറിൻ സെവേരി പറഞ്ഞു. ആൽക്കഹോൾ കമ്പനികൾ, ട്രേഡ് ബോഡികൾ, വ്യവസായങ്ങൾക്ക് ധനസഹായം നൽകുന്ന ഫ്രണ്ട് ഗ്രൂപ്പുകൾ എന്നിവയെ പുകയില വ്യവസായത്തിന് സമാനമായി പരിഗണിക്കണം. പൊതു താൽപ്പര്യാർത്ഥം വികസിപ്പിച്ച നയങ്ങൾ നടപ്പിലാക്കുന്ന ചർച്ചകൾ മാത്രം ആവണം ഇവരുമായി നടത്തേണ്ടതെന്നാണ് നിർദ്ദേശകർ മന്ത്രിമാർക്ക് നൽകുന്ന ഉപദേശം.

മദ്യവ്യവസായങ്ങളുമായുള്ള നിയമപരമായ വെല്ലുവിളികൾ മൂലം അഞ്ച് വർഷത്തേക്ക് മദ്യത്തിൻ്റെ മിനിമം യൂണിറ്റ് വില നിർണ്ണയിക്കാൻ സ്കോട്ടിഷ് സർക്കാരിന് കഴിയാത്ത സാഹചര്യത്തെ കാതറിൻ ചൂണ്ടി കാട്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസും, പൊതുജനാരോഗ്യ വിദഗ്ധരും ചേർന്ന് മദ്യ വ്യവസായങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പുതിയ മാർഗ നിർദ്ദേശങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വ്യവസായങ്ങളുമായുള്ള ഇടപെടലുകൾ കുറയ്ക്കുക, അവയുമായി പങ്കാളിത്തം ഉണ്ടാക്കാതിരിക്കുക, ഭരണ പ്രക്രിയകൾ കാര്യക്ഷമമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് മുഖ്യമായ ലക്ഷ്യങ്ങൾ. ആരോഗ്യ നയങ്ങളിൽ മദ്യ വ്യവസായങ്ങളുടെ ഇടപെടൽ കുറയ്ക്കുക എന്ന വെല്ലുവിളിയാണ് സർക്കാരിന് മുന്നിൽ നിലനിൽക്കുന്നത്.