ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ബ്രിട്ടൺ. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു. ശേഷം മൂന്ന് പേരുടെ വിസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

നേരത്തെ ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു ഇരുപത്തിരണ്ടുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു