ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട്: വിദ്യാലയങ്ങളിൽ വംശീയ അധിക്ഷേപം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. വംശീയാധിക്ഷേപം മൂലം സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഉണ്ടായിരിക്കുന്നത്.
നിരന്തരമായി വംശീയ അധിക്ഷേപത്തിന്റെ വാർത്തകൾ പുറത്തുവന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുട്ടികൾ ഇന്നും ശക്തമായ വേർതിരിവും അവഗണനയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഇവ നീളുന്നു.
2017-18 കാലഘട്ടത്തിൽ മാത്രം 496 പേരാണ് വംശീയ അധിക്ഷേപം നേരിട്ടതു മൂലം പ്രൈമറി വിദ്യാഭ്യാസം ഉപേക്ഷിച്ചത്. പഠനകാലയളവിൽ നിരന്തരമായ അധിക്ഷേപങ്ങൾക്ക് വിധേയമായി വിദ്യാലയം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സഹപാഠികളിൽ നിന്നുണ്ടാകുന്ന ദുരനുഭവം പലപ്പോഴും സ്കൂൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. വ്യത്യസ്ത രാജ്യം, നിറം, വംശം, മതം എന്നിവയുടെ പേരിലെല്ലാം കുട്ടികളെ അധിക്ഷേപിക്കുന്ന രീതി ഇംഗ്ലണ്ടിലെ വിദ്യാലയങ്ങളിൽ വർധിച്ചുവരികയാണ്. അന്യമതസ്ഥനോടോ മറ്റുരാജ്യക്കാരനോടോ മിണ്ടുവാൻ പാടില്ലെന്ന കർശന നിയന്ത്രണം മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നതായി ചില കുട്ടികൾ പറയുന്നു.
സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകൂ എന്ന ശാസനയും നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകളും വിദ്യാലയങ്ങളിൽ സ്ഥിരം കാഴ്ചയായി മാറുകയാണ്. ഈ അകൽച്ചയും വിദ്വേഷവും വെറുപ്പും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസം ശരിക്കുള്ള വാതിലാണ്. അതുകൊണ്ട് പിന്നെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കേണ്ടത് വിദ്യാലയത്തിൽ നിന്ന് തന്നെയാണ്. ഒരു മനുഷ്യനെ അവന്റെ നിറം കൊണ്ടോ, മതം കൊണ്ടോ, രാജ്യം കൊണ്ടോ വേർതിരിച്ച് കാണേണ്ടതില്ല. ഈ അറിവ് പകർന്നു കൊടുത്ത്, അധിക്ഷേപങ്ങൾ അവസാനിപ്പിക്കുവാൻ കൃത്യമായ നടപടികൾ എടുക്കുകയും അധിക്ഷേപം അനുഭവിക്കുന്ന കുട്ടികൾക്കു ഒപ്പം നില്ക്കുകയും ചെയ്യേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ പ്രതിബിംബമായി നിൽക്കുന്ന വിദ്യാലയത്തിൽ നിന്ന് തന്നെ മാറ്റം ആരംഭിക്കണം.
Leave a Reply