ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ലോകത്തിൽ നിന്ന് പൂർണ്ണമായി വിട്ടു മാറിയിട്ടില്ലെന്ന് എൻഎച്ച്എസ്. ശൈത്യകാലത്തിന് മുന്നോടിയായാണ് മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നിരിക്കുന്നത്. സൗജന്യ ഫ്ലൂ, കോവിഡ് വാക്സിനുകൾ ലഭിക്കാൻ അർഹതയുള്ള ഏതൊരാൾക്കും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൻെറ ഭാഗമായി ഇവ സ്വീകരിക്കാമെന്ന് ഡോ. തോമസ് വെയ്റ്റ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് ഫ്ലൂ വാക്സിൻ 25,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. ഇൻഫ്ലുവൻസ, കോവിഡ് വാക്സിനേഷൻ പ്രോഗ്രാമുകൾ ഈ മാസം ആരംഭിക്കേണ്ടതാണെങ്കിലും, പുതിയ കോവിഡ് വേരിയന്റായ BA.2.86 സംബന്ധിച്ച ആശങ്കകൾ കാരണം ഇവ സെപ്റ്റംബറിൽ തന്നെ ആരംഭിച്ചിരുന്നു. നിലവിൽ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കും കെയർ ഹോം അന്തേവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്‌സിൻ ലഭിക്കുന്നത്. യുകെയിൽ സ്വകാര്യമായി കോവിഡ് വാക്സിനുകൾ ലഭ്യമല്ല.

ഗർഭിണികൾ, 65 വയസ്സിനു മുകളിലുള്ളവർ, പ്രത്യേക ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഫ്ലൂ ജാബ് സൗജന്യമായി ലഭ്യമാണ്. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്ക് നാസൽ സ്പ്രേ ആയി വാക്സിൻ ലഭിക്കും. ഫ്ലൂ വാക്സിൻ സ്വീകരിച്ചത് മൂലം കഴിഞ്ഞ വർഷം 25,000 പേർക്ക് ആശുപത്രി ചികിത്സ ഒഴിവാക്കാൻ സാധിച്ചുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ പറയുന്നു.