വിൽസൺ പുന്നോലിൽ
എക്സിറ്റർ: വടക്ക് സ്കോട്ലാൻ്റ് സ്വദേശിയായ അജിത് ശ്രീകണ്ഠൻ നായർ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ആ നാട്ടുകാരേക്കാൾ വേദനിക്കുന്നത് ഇങ് രാജ്യത്തിൻ്റെ തെക്കേയറ്റത്ത് താമസിക്കുന്ന ഒരു പറ്റം എക്സിറ്റർ നിവാസികൾ ആണ്.
2003 ൽ ഉന്നത വിദ്യാഭ്യാസത്തിനായി സ്കോട്ട്ലാൻ്റിൽ എത്തിയ അജിത് 2008 ൽ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോക്രമസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ മെഡിക്കൽ വിഭാഗത്തിൽ റിസേർച്ച് ഫെലോ ആയി ജോലി ചെയ്തതിനു ശേഷം 2014 മുതൽ മൂന്ന് വർഷം എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ അസ്സോസ്സിയേറ്റ് പ്രഫസറായി ജോലി ചെയ്യുമ്പോഴാണ് ഇവിടുത്തെ മലയാളി സമൂഹമായി സൗഹൃദത്തിലാകുന്നത്. ചെറിയ കാലയളവിൽ തന്നെ തൻ്റെ മാസ്റ്റർ പീസായ നിഷ്കളങ്ക പുഞ്ചിരിയുമായി പരിചയപ്പെടുന്നവരുടെ ഹൃദയത്തിൽ ചേക്കേറിയ പ്രിയ അജിത് അണ്ണൻ തിരിച്ച് ഗ്ലാസ്ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തിൽ ഒരിക്കലെങ്കിലും എക്സിറ്ററിലെ എല്ലാ സുഹൃത്തുക്കളെയും വീടുകളിലെത്തി കണ്ട് സൗഹൃദം പുതുക്കിയിരുന്നു.

സ്കോട്ലാൻ്റ് സന്ദർശത്തിന് എത്തുന്ന എക്സിറ്ററുകാർക്ക് അജിത്തിൻ്റെ ഭവനം ഒരു സത്രം തന്നെയായിരുന്നു. താമസവും ഭക്ഷണവും ആ വീട്ടിൽ സൗജന്യമായിരുന്നു. എന്തിന് ടൂത്തു ബ്രഷും ചപ്പലും വരെ തൻ്റെ ഭവനത്തിൽ എത്തുന്നവർക്ക് വേണ്ടി അദ്ദേഹം കരുതിയിരുന്നു. കൂടാതെ സ്കോട്ലാൻ്റിൻ്റെ ഭൂപടം മനപാഠമാക്കിയിട്ടുള്ള അജിത് അവർക്ക് അവരവരുടെ അവധി ദിവസങ്ങളുടെ എണ്ണമനുസരിച്ച് സ്കോട്ലാൻ്റ് യാത്ര പ്ലാനും തയ്യാറാക്കി നല്കുന്നതിൽ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്നു. നിലവിൽ ഗ്ലാസ്കോ സിറ്റി കൗൺസിൽ സിറ്റിസൺ ബ്യൂറോയിൽ ജോലി ചെയ്തിരുന്ന അജിത് അണ്ണൻ ഞങ്ങൾക്ക് ദൈനംദിന ജീവിതത്തിലെ ഏതാവശ്യത്തിനു ആശ്രയിക്കാവുന്ന വ്യക്തി കൂടിയായിരുന്നുവെന്ന് അജിത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ ജിന്നി തോമസ് ഓർമ്മിച്ചു.

വാർദ്ധ്യക്കത്തിലെത്തിയ തൻ്റെ മാതാവിനോടൊപ്പം കഴിയുന്നതിനായി അജിത് ഈയാഴ്ച നാട്ടിലേക്ക് മടങ്ങുകയാണ്. സ്കോട്ലാൻ്റിലെത്തുന്നവർക്ക് തങ്ങളുടെ സത്രം നഷ്ടമായെങ്കിലും തലസ്ഥാന നഗരി കാണുവാൻ എത്തുന്നവർക്ക് തിരുവനന്തപുരത്ത് ഉള്ളൂരുള്ള സ്വഭവനം എപ്പോഴും തുന്നിട്ടിരിയ്ക്കാണന്നാണ് കഴിഞ്ഞ ദിവസം എക്സിറ്റർ സ്‌നൂക്കർ ക്ലബിൽ ചേർന്ന സൗഹൃദ കൂട്ടായ്മയിൽ പങ്കു ചേർന്ന് കൊണ്ട് അദ്ദേഹം പറഞ്ഞത്.
ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും ഉന്നത ജോലി ഉണ്ടായിരുന്നെങ്കിലും എളിമയുടെയും നിഷ്കളങ്കതയുടേയും നിസ്വാർത്ഥ സേവനത്തിൻ്റെയും ആൾരൂപമാണ് എക്സിറ്ററുകാർക്ക് അവരുടെ പ്രിയ അജിത് അണ്ണൻ. മദ്യപാനവും പുകവലിയും ഇല്ലാത്ത അവിവാഹിതൻ കൂടിയായ അജിത് അണ്ണൻ്റെ സന്യാസ വര്യനു ചേർന്ന ജീവിതം കൂട്ടുകാർക്ക് ഒരു അദ്ഭുതം തന്നെയാണ്.











Leave a Reply