ലണ്ടന്‍: ഹീറ്റ് വേവ് മൂലം ചൂട് വര്‍ദ്ധിച്ചിട്ടും യൂണിഫോമില്‍ കടുംപിടിത്തം തുടര്‍ന്ന സ്‌കൂളിനെതിരെ ആണ്‍കുട്ടികള്‍ നടത്തിയ പാവാട സമരം ഫലം കണ്ടു. കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ ഇനി ഷോര്‍ട്‌സ് ധരിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ചൂട് 30 ഡിഗ്രി വരെ ഉയര്‍ന്നതോടെ ഷോര്‍ട്‌സ് ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദാര്‍ത്ഥികള്‍ അധ്യാപകരെ സമീപിച്ചിരുന്നു. എന്നാല്‍ യൂണിഫോം നയം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ നിലപാട്.
പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നുണ്ട്. തങ്ങള്‍ മാത്രമാണ് ചൂടില്‍ ഉരുകുന്നതെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കും പാവാട ധരിക്കാമല്ലോ എന്ന പരിഹാസമായിരുന്നു മറുപടി. ഇതോടെ ആണ്‍കുട്ടികള്‍ പാവാട ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 30 ഓളം കുട്ടികള്‍ പാവാട ധരിച്ച് ക്ലാസിലെത്തി. സംഭവം വാര്‍ത്തയാകുകയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇളവുകള്‍ വരുത്താന്‍ സ്‌കൂള്‍ തയ്യാറായത്.
ഇളവുകള്‍ വരുത്തിയെങ്കിലും അടുത്ത വര്‍ഷം മുതല്‍ മാത്രമേ ആണ്‍കുട്ടികള്‍ക്ക് ഷോര്‍ട്‌സ് ഉപയോഗിക്കാന്‍ കഴിയൂ. പ്രതിഷേധിച്ച കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവില്ലെന്നും സ്‌കൂള്‍ വ്യക്തമാക്കി. ഷോര്‍ട്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അറിയിച്ചു. എന്നാല്‍ യൂണിഫോമില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് അനുവദിക്കാന്‍ കഴിയാത്തതെന്നാണ് വിശദീകരണം.
Leave a Reply