പ്രവാസികളുടെ വരവിന് വിപുലമായ തയാറെടുപ്പുകളുമായി കേരളം. ആശുപത്രികളിലും ഹോട്ടലുകളിലും ഹോസ്ററലുകളിലുമായി രണ്ടരലക്ഷം കിടക്കകളാണ് സജ്ജമാക്കുന്നത്. പതിനോരായിരത്തി എണ്‍പത്തിനാല് ഐസലേഷന്‍ കിടക്കകളും സജ്ജമാണ്. നടപടികള്‍ വേഗത്തിലാക്കാനും ട്രെയ്സ് ചെയ്യാനും ക്യു ആര്‍ കോഡ് സംവിധാനം ഉപയോഗിക്കും.
ജന്മാനാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ ജാഗ്രതയോടെയുളള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനെ. ക്യുആര്‍ കോഡ് വഴി ഇവരെ പിന്തുടരാനും കഴിയും. താപനില പരിശോധിച്ച് പനിയുണ്ടെങ്കില്‍ ഐസലേഷന്‍ ബേയിലേക്കും തുടര്‍ന്ന് കോവിഡ് ആശുപത്രിയിലേയ്ക്കും മാററും. രോഗലക്ഷണങ്ങളില്ലാത്തവരെ അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജം.
കാറ്റഗറി എയില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി ബാത്ത് റൂം സൗകര്യത്തോടുകൂടിയ ഒറ്റബെഡുകള്‍ 79807 എണ്ണം തയാറാക്കും. 73790 ഉം തയാറാണ്. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലും അവയോട് അനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലുമായി 18599 ഒററബെഡ് മുറികളും തയാറാക്കും. എന്‍ജീനീയറിങ് കോളജുകള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ തുടങ്ങിയവയിലായി 59301 കിടക്കകളും , ഗോഡൗണുകള്‍, സര്‍ക്കാര്‍ ഒാഫീസുകളോടനുബന്ധിച്ചുളള ഹാളുകള്‍ എന്നിവിടങ്ങളിലായി 72665 കിടക്കകളും ഒരുക്കും. ഇവിടങ്ങളില്‍ ഒരു മുറിയില്‍ രണ്ടോ അതിലധികമോ പേരുണ്ടാകും. ആകെ രണ്ടരലക്ഷം കിടക്കകളില്‍ ഒരു ലക്ഷത്തി അറുപത്തിമൂവായിരം തയാറാക്കിക്കഴിഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിററി സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തുടങ്ങി 43 സ്റ്റേഡിയങ്ങളിലായി 20677 കിടക്കകള്‍ സജ്ജമാക്കും. 33798 കിടക്കകളുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 23830 കിടക്കകളുമായി എറണാകുളം രണ്ടാമതാണ്. കോഴിക്കോട് 19986 കിടക്കകളാണ് ഒരുക്കുന്നത്. ജില്ലാഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വകുപ്പാണ് സൗകര്യങ്ങള്‍ തയാറാക്കുന്നത്.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply