യുഎസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ നോർത്ത് ആർലിങ്ടൻ ബറോയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസ്സുള്ള മകൾ വീടിന്റെ ബാൽക്കണിയിൽനിന്ന് കരയുന്നതു കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വിദഗ്ധ പരിശോധനയുടെ റിപ്പോർട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. ബാലാജി, ആരതിയുടെ വയറ്റിൽ കുത്തിയതിന്റെയും വീട്ടിൽ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്ചയാണ് മരണവിവരം നാട്ടിൽ അറിയിച്ചതെന്ന് ഭരത് രുദ്രവാർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് അവർക്കും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പങ്കുവയ്ക്കാമെന്നാണ് അവർ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോൾ മകളെന്നും ഭരത് പറഞ്ഞു.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ബാലാജി, ഭാര്യ ആരതിയുമൊത്ത് 2015ലാണ് യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.