ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട ജോയല്‍ പുത്തന്‍പുരയുടെ (22) ചലനമറ്റ ശരീരം സാന്‍ അന്റോണിയോ കാന്യന്‍ ലേക്കിന്റെ ആഴങ്ങളില്‍ നിന്ന് കണ്ടെടുത്തു. അമേരിക്കന്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ നാലാം ദിവസം ജോയലിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ഏവരുടെയും നിയന്ത്രണം വിട്ടുപോയി.
ഹൂസ്റ്റണ്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ളവരുടെയും ഹൂസ്റ്റണില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെയും ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവില്‍ ടെക്‌സസ് സമയം വൈകുന്നേരം 5.45 നാണ് ജോയലിന്റെ മൃതദേഹം ലഭിച്ചത്. നിര്‍ത്താതെയുള്ള ഡ്രോണ്‍ ഓപ്പറേഷനും ഫലവത്തായി. തുടര്‍ന്ന് സുരക്ഷാസേന വിവരം അറിയിച്ചതിനെ തുടര്‍ന്ന് 6.15 ഓടെ ജോയലിന്റെ മാതാപിതാക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മെമ്മോറിയല്‍ വീക്ക്എന്‍ഡ് ആയതിനാല്‍ കാന്യന്‍ ലേക്കില്‍ നിരവധി സഞ്ചാരികള്‍ ഉണ്ടായിരുന്നു. ഇത് തിരച്ചിലിന് തടസ്സമായി. എന്നാല്‍ ചൊവ്വാഴ്ച തിരക്കുകള്‍ ഒഴിവായതിനാല്‍ തിരച്ചില്‍ കാര്യക്ഷമമായി. കാന്യന്‍ ലേക്കില്‍ മുങ്ങിമരിക്കുന്ന 13-ാമത്തെ ആളാണ് ജോയല്‍. ഇവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു. അത്രമേല്‍ ദുഷ്‌ക്കരമാണ് തടാകത്തിലെ തിരച്ചില്‍. സംഭവസ്ഥലത്ത് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഫാ. റോയി പാലാട്ടിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ ക്യാമ്പുചെയ്തിരുന്നു.
മെമ്മോറിയല്‍ വീക്കന്‍ഡില്‍ കൂട്ടുകാരുമൊത്തു ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് സാന്‍ അന്റോണിയയിലെ ലേയ്ക്ക് ക്യാനിയനില്‍ ജോയല്‍ പുത്തന്‍പുര മുങ്ങിപ്പോയത്. തുടര്‍ന്ന് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ജോയലിന്റെ ഉറ്റവരും ഉടയവരും. മെയ് 29-ാം തീയതി ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്.
കരയില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്തപ്പോള്‍ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ലേക്കിലേക്കു ചാടിയതായിരുന്നു ജോയല്‍ പുത്തന്‍പുര. എന്നാല്‍ സുഹൃത്ത് രക്ഷപ്പെട്ടുവെങ്കിലും ജോയലിന് ബോട്ടിനരികിലേയ്ക്ക് നീന്തിയെത്താന്‍ കഴിഞ്ഞില്ല. ഹ്യുസ്റ്റണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് ജോയല്‍. ജോയല്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നാണ് പ്രാദേശിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
നൂറ് അടിയോളം ആഴമുള്ള ഭാഗമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. സാന്‍ അന്റോണിയോയുടെ പ്രാന്തത്തിലുള്ള കാനിയെന്‍ ലേക്ക് എന്ന ചെറിയ സിറ്റിയുടെ അധിനതയിലാണ് കാനിയെന്‍ ലേക്ക് തടാകം. അതുകൊണ്ടുതന്നെ അവരുടെ തിരച്ചില്‍ സന്നാഹങ്ങള്‍ പര്യാപ്തമാണോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.
വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ താമസിക്കുന്ന കോട്ടയം കിഴക്കെ കൂടല്ലൂർ സ്വദേശി ജിജോ പുത്തന്‍പുര, ചുങ്കം നെടിയശാല ലൈല എന്നിവരാണ് ജോയലിന്റെ മാതാപിതാക്കള്‍. ജോയലിനു വിദ്യാര്‍ത്ഥികളായ രണ്ട് ഇളയ സഹോദരന്മാരും ഉണ്ട്. ഹ്യുസ്റ്റണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് ജോയല്‍. ഹ്യൂസ്റ്റണ്‍ ക്‌നാനായ യൂത്തു മിനിസ്ട്രി സജീവ പ്രവര്‍ത്തകനായിരുന്ന ജോയലിന്റെ അകാല വിയോഗം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ തളര്‍ത്തിയിരിക്കുകയാണ്.
സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
ജോയല്ലിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply