കൊവിഡ് കാലത്ത് ആദ്യം വെറും ഒരു ഹോബിയായി തുടങ്ങിയ കൃഷി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി മാറി ദോഹയിലെ പ്രവാസി മലയാളി ഡോക്ടര്‍. ഇന്ന് തന്റെ അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അതിശയത്തിലും അതിലുപരി സന്തോഷത്തിലുമാണ് തൃശൂര്‍ക്കാരനായ ഡോ. പ്രദീപ് രാധാകൃഷ്ണന്‍.

ദോഹ നഗരത്തില്‍ മര്‍ഖിയയിലെ തന്റെ താമസസ്ഥലത്തെ അടുക്കളതോത്തിലാണ് ഡോക്ടര്‍ പൊന്നുവിളയിച്ചത്. 15 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന ഡോക്ടര്‍ പ്രദീപ് രാധാകൃഷ്ണന്‍ ഖത്തര്‍ ഹമദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കോവിഡിനുശേഷമാണ് ഡോക്ടറും കുടുംബവും പച്ചക്കറികൃഷിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്.

ഇന്നിപ്പോള്‍ വെണ്ട, വഴുതന, പയര്‍, തക്കാളി, കാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, പച്ചമുളക് തുടങ്ങിയവ അടുക്കള മുറ്റത്തുനിന്ന് വിളവെടുക്കുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിക്ക് ഖത്തറിലെ കാര്‍ഷിക കൂട്ടായ്മകളില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബര്‍ ആദ്യവാരത്തിനും ഇടയിലാണ് കൃഷിക്ക് തുടക്കമിടുന്നത്. വെള്ളം ഒഴിച്ച് മണ്ണ് നന്നായി കുതിര്‍ക്കും. വാങ്ങിയ മണ്ണും മണലും കമ്പോസ്റ്റുമൊക്കെ മിക്‌സ് ചെയ്ത് വെച്ചതാണ് വീണ്ടും വെള്ളം ഒഴിച്ച് പരുവപ്പെടുത്തുന്നത്. ചെറിയ കപ്പില്‍ നട്ട വിത്തുകള്‍ മുളച്ചശേഷം മാറ്റി നടും.

ഖത്തറില്‍ നാട്ടിലേതുപോലെ കടുത്ത രീതിയില്‍ കൃഷിക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങള്‍ കുറവാണെന്നാണ് ഡോ. പ്രദീപിന്റെ അഭിപ്രായം. ചെടി വളര്‍ന്നു തുടങ്ങുന്ന സമയത്ത് കീടങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വേപ്പെണ്ണയോ പുളിച്ച കഞ്ഞിവെള്ളമോ ഒഴിച്ച് അവയെ തുരത്താന്‍ കഴിയുന്നുണ്ട്. ചെടി വളര്‍ന്നുകഴിഞ്ഞാല്‍ പിന്നെ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍ പറയുന്നു.

കൊവിഡ് കാലത്ത് താല്‍ക്കാലികമായി തുടങ്ങിയ കൃഷി ഇപ്പോള്‍ സ്ഥിരമാക്കിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നുവരുമ്പോഴും വിളവുണ്ടാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഏറെയാണെന്നും ഡോ. പ്രദീപ് പറയുന്നു. അഭിഭാഷകയായ ഭാര്യ രശ്മിയും വിദ്യാര്‍ഥികളായ മക്കള്‍ ദേവികയും അമൃതയും ഡോക്ടറുടെ കാര്‍ഷിക താല്‍പര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.