വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികള്‍ക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തില്‍ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവില്‍ വരന്‍ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. മദ്യപിച്ച് ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
പത്തനംതിട്ട തടിയൂരിലാണ് വരന്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങള്‍.
തോട്ടപ്പുഴശ്ശേരി സ്വദേശിയായ 32-കാരന്റെയും ഇലന്തൂര്‍ സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങുകളാണ് തിങ്കളാഴ്ച ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നത്. ഏതാനുംദിവസം മുന്‍പാണ് 32-കാരന്‍ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹദിവസം കൃത്യസമയത്ത് തന്നെ വരന്‍ പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, വിവാഹദിവസം അടിച്ചുപൂസായ വരനെ കണ്ടതോടെ രംഗം വഷളായി.
മദ്യപിച്ച് ലക്കുക്കെട്ടതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തനിലയിലായിരുന്നു വരന്‍. ഏതാനുംപേര്‍ ചേര്‍ന്ന് വരനെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കാലുറയ്ക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ വിഷയം ഗുരുതരമായി. സംഭവത്തില്‍ ഇടപെട്ട് സംസാരിക്കാനെത്തിയ പുരോഹിതന്മാരെ വരന്‍ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.
വരന്റെ പരാക്രമം കണ്ട് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. പോലീസിനെയും ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോയിപ്രം പോലീസ് സ്ഥലത്തെത്തി വരനുമായി സംസാരിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പോലീസ് ആക്ട് പ്രകാരം കേസെടുത്തു.
സംഭവം സംഘര്‍ഷത്തിന്റെ വക്കിലെത്തിയെങ്കിലും പോലീസ് ഇടപെട്ടാണ് പള്ളിയിലെ രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വരന്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയായി. ആറുലക്ഷം രൂപ വരന്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്. ഇതോടെയാണ് ഇരുകൂട്ടരും പള്ളിയില്‍നിന്ന് പിരിഞ്ഞുപോയത്.
Leave a Reply