കോവിഡ് 19നെ പ്രതിരോധിക്കാൻ ഒരു നല്ല വാക്സിനോ മരുന്നിനോ വേണ്ടിയുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് നിർമിക്കാൻ വേണ്ടത് സമയം മാത്രമാണെന്നും പ്രശസ്ത അർബുദ ഗവേഷകനും പുലിറ്റ്സർ സമ്മാന ജേതാവും കൊളംബിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിദ്ധാര്‍ഥ മുഖര്‍ജി. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അത് ലോകത്ത് നിലവിൽ സൃഷ്ടിച്ചിരിക്കുന്ന മാറ്റത്തെക്കുറിച്ചും ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ടുഡേയുടെ ഇ–കോൺക്ലേവ് കൊറോണ സിരീസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു നല്ല വാക്സിനോ മരുന്നിനോ വേണ്ടി കാത്തിരിക്കുകയാണ് വേണ്ടത്. മരുന്നുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു വാക്സിൻ വരുമെന്ന പ്രതീക്ഷയും ഉണ്ട്. അതിനു സമയം നൽകുക മാത്രമാണ് ചെയ്യാനുള്ളത്. ഞങ്ങൾക്ക് സമയം നൽകുകയാണെങ്കിൽ ഏറ്റവും നല്ലത് കൊണ്ടുവരാനായി ഞങ്ങൾ പരിശ്രമിക്കും’– അദ്ദേഹം പറഞ്ഞു.
‘വാക്സിൻ നിർമിക്കാൻ വേണ്ടത് 18–20 മാസമാണ്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും 20 മാസത്തോളം വേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു വൈറസിനെതിരെ ഒരു മരുന്ന് നിർമിക്കുമ്പോൾ അത് പല ഘട്ടങ്ങളിലൂടെ കടന്നു പോകും. ആദ്യത്തെ ഘട്ടമെന്നതു നിലവിലുള്ള ഏതു മരുന്നാണ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു നോക്കുകയാണ്. ഇത്തരത്തിൽ ഉള്ള രണ്ടു മരുന്നുകളാണ് ഹൈഡ്രോക്സിക്ലോറിക്വീനും റെംഡെസിവിറും. ഇവ രണ്ടും വൈറസിനെതിരെ ഉപയോഗിച്ചു വരുന്നുണ്ട്.
രണ്ടാമത്തേത് വൈറസിനു മേൽ പറ്റിപ്പിടിക്കുന്ന ആന്റിബോഡികളാണ്. വൈറസിന്റെ ഘടന അറിയപ്പെടുന്നതിനാൽ എവിടെയാണ് ബന്ധിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. അവയാണ് ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വേഗം തന്നെ അറിയും.
മൂന്നാമത്തെ വിഭാഗം പുതിയ തന്മാത്രകളിൽനിന്നുള്ള പുതിയ മരുന്നുകളാണ്. അവ പ്രധാനമായും വൈറസിന്റെ ചില പ്രത്യേക ഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. ഈ ആക്രമിക്കപ്പെടുന്ന ഭാഗങ്ങൾ പെട്ടെന്നു തന്നെ അവയുടെ പകർപ്പ് ഉണ്ടാക്കും. എന്നാൽ ഈ മരുന്നുകൾ നിർമിക്കാൻ സമയമെടുക്കും, കാരണം ഇവയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
അവസാനത്തെ വിഭാഗമാണ് വാക്സിനുകൾ. പല കാരണങ്ങളാലും ഇവ നിർമിക്കാനാണ് ഏറ്റവും സമയമെടുക്കുക. രോഗം ഇല്ലാത്ത ആളുകൾക്കാണ് നമ്മൾ വാക്സിൻ നൽകുക. അതിനാൽ തന്നെ അതീവ ശ്രദ്ധ അതിന് ആവശ്യമാണ്. അതുകൊണ്ടു തന്നെ 18–20 മാസങ്ങൾ ഇതിന് എടുക്കും’– സിദ്ധാർഥ വ്യക്തമാക്കി.
എന്തു കൊണ്ട് കൊറോണ വൈറസ് അപകടകാരിയാകുന്നു?
ലക്ഷണങ്ങൾ ഇല്ലാത്ത ആൾക്കും കോവിഡ് രോഗവാഹകരാകാൻ കഴിയുമെന്നതാണ് ഇതിനെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തവും അപകടകാരിയുമാക്കുന്നതെന്ന് സിദ്ധാർഥ മുഖർജി പറഞ്ഞു. കൊറോണ വൈറസിന്റെ മറ്റു വകഭേദങ്ങളായ സാർസ്, മെർസ് എന്നിവയെക്കാളും കോവിഡിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്. രോഗം ഉണ്ടെന്ന് അറിയുന്നതിനു മുമ്പ് തന്നെ അയാളിൽനിന്ന് മറ്റു പലരിലേക്കും ഇത് പകരും. എന്നാൽ മരണനിരക്ക് കൂടുതലാണെങ്കിലും സാർസ്, മെർസ് വൈറസുകൾക്ക് ഇങ്ങനെയൊരു പ്രശ്നം ഇല്ല.
കോവിഡ് മഹാമാരി പടർന്നു പിടിക്കാനുള്ള മറ്റൊരു കാരണമായി അദ്ദഹം പറയുന്നത് അതിന്റെ ‘ആർ നോട്ട്’(RO) വളരെ കൂടുതലാണ് എന്നതാണ്. ആർ നോട്ട് വാല്യൂ എന്നാൽ രോഗം ബാധിച്ച ഒരാൾ അത് എത്ര പേർക്ക് നൽകാൻ സാധ്യതയുണ്ട് എന്ന ഒരു ഏകദേശ കണക്കാണ്. ഉദാഹരണത്തിന് ഒരു രോഗത്തിന്റെ ആർ നോട്ട് വാല്യൂ 2 ആണെങ്കിൽ രോഗബാധിതനായ ഒരാൾ അത് രണ്ടു പേർക്ക് നൽകാൻ സാധ്യതയുണ്ട് എന്നാണ്.
ആർ നോട്ട് വാല്യൂ 1നു താഴെ കൊണ്ടുവരിക മാത്രമാണ് രോഗത്തെ പിടിച്ചുനിർത്താനുള്ള ഏക വഴിയെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം അത് ഒന്നിൽ കൂടുതലാണെങ്കിൽ രോഗത്തിന്റെ വ്യാപനവും അത്ര ഏറെയാകും. ഇപ്പോൾ ഒരാളുടെ ആർ നോട്ട് വാല്യൂ 3 ആണെന്നിരിക്കെ അയാൾ 40 ദിവസത്തേക്ക് യാതൊരു പരിശോധനയ്ക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും വിധേയനായില്ലെങ്കിൽ ഒരു വ്യക്തിക്കു തന്നെ ലോകത്തെ മുഴുവൻ രോഗബാധിതരാക്കാൻ കഴിയുമെന്നതാണ് സ്ഥിതി.
എന്താണ് മഹാമാരിക്കുള്ള ഏറ്റവും നല്ല പ്രതിരോധം?
ലോക്ഡൗൺ ചെയ്യുക എന്നതാണ് വൈറസിന്റെ വ്യാപനത്തെ തടുക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് അദ്ദേഹം പറയുന്നു. ലോക്ഡൗൺ ചെയ്തില്ലെങ്കിൽ രോഗബാധിതർ ക്രമാതീതമായി ഉയരും. വൈറസിനെ അതത്രത്തിൽ ഒരു വ്യാപനത്തിന് അനുവദിച്ചാൻ 40 ദിവസത്തനുള്ളിൽ തന്നെ അത് ലോകജനസംഖ്യയെ മുഴുവൻ രോഗികളാക്കും. ലോക്ഡൗണിലൂടെ രോഗവ്യാപനത്തിന്റെ ‘കർവ്’ കുറയ്ക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ലോക്ഡൗണിന്റെ അടിസ്ഥാന ലക്ഷ്യം ‘ഫ്ലാറ്റൻ ദ് കർവാ’ണ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലാബിൽ ഉണ്ടാക്കിയതാണെന്ന് കരുതുന്നില്ല
കൊറോണ വൈറസ് ലോകത്തെ ആകെ കടന്നാക്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് ഇതിന്റെ ഉറവിടം ഏതാണെന്ന്. വിവിധ ഉത്തരങ്ങൾ ഉയരുമ്പോഴും അതിൽ ഏറ്റവും കൂടുതൽ വാഗ്വാദങ്ങൾക്ക് വഴിവച്ചത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഉയർത്തിയ വൈറസിനെ ചൈനയിലെ ലാബുകളിൽ നിർമിച്ചതാണെന്നതാണ്. എന്നാൽ താൻ അതിൽ വിശ്വസിക്കുന്നില്ലെന്നാണ് സിദ്ധാർഥ പറയുന്നത്. വവ്വാലുകളിൽ കാണപ്പെടുന്ന കൊറോണ വൈറസിന്റെ ശ്രേണിയാണ് കോവിഡിനു കാരണമായ വൈറസുമായി സാമ്യമുള്ളത്. ധാരാളം ഗൂഢാലോചനാ സിദ്ധാന്തങ്ങളുണ്ടെന്ന് എനിക്കറിയാം, പക്ഷേ വൈറസ് ശ്രേണി അത് നിർദ്ദേശിക്കുന്നില്ല. അതിനാൽ തന്നെ വൈറസ് അതൊരു ലാബിൽ നിർമിച്ചതാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് അദ്ദഹം പറഞ്ഞത്.
ദി എംപറര്‍ ഓഫ് ഓള്‍ മാലഡീസ്, എ ബയോഗ്രഫി ഓഫ് കാന്‍സര്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിലാണ് സിദ്ധാർഥ മുഖർജി എന്ന ഇൻഡോ – അമേരിക്കൻ പ്രധാനമായും അറിയപ്പെടുന്നത്. ഈ പുസ്തകത്തിന് അദ്ദേഹത്തിന് 2011 പുലിറ്റ്‌സര്‍ പുരസ്കാരവും ലഭിച്ചിരുന്നു. യുഎസിലെ കൊളംബിയ സർവകലാശാലയിൽ മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായ ഇദ്ദേഹം അർബുദ ഗവേഷകനാണ്
Leave a Reply