കോട്ടയം: കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കെവിന്റെ ശരീരത്തിലുണ്ടായിരിക്കുന്ന മാരക മുറിവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായിരിക്കും ഇവര്‍ തെന്മല സന്ദര്‍ശിക്കുക. കെവിന്റെ ശരീരത്തില്‍ മാരകമായ 16 പരിക്കുകളേറ്റിട്ടുണ്ട്. ഗുണ്ടാ സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ കെവിന്‍ മേയ് 27നു രാവിലെ തെന്മല ചാലിയക്കര പുഴയില്‍ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയും.
അതേസമയം മര്‍ദ്ദനത്തില്‍ ബോധം മറഞ്ഞ കെവിന്‍ മരണപ്പെട്ടതായി സംശയിച്ച് പുഴയില്‍ തള്ളിയതാണെന്നും സംശയമുണ്ട്. കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്നായിരിക്കും മെഡിക്കല്‍ സംഘം പരിശോധിക്കുക. കെവിനെ മനഃപൂര്‍വ്വം പുഴയില്‍ തള്ളിയെന്ന സംശയവും സംഘം പരിശോധിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, ആരോഗ്യ വകുപ്പ് ഫൊറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി.ഗുജ്‌റാള്‍, വിവിധ മെഡിക്കല്‍ കോളജുകളിലെ ഫൊറന്‍സിക് സര്‍ജന്മാരായ ഡോ. രഞ്ചു രവീന്ദ്രന്‍, ഡോ. കെ.ശശികല, ഡോ. വി.എന്‍.രാജീവ്, ഡോ. സന്തോഷ് ജോയ് എന്നിവര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം വിശകലന യോഗത്തിന് ശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കെവിന്റെ തിരോധാനത്തല്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഎസ്‌ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. പോലീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന കേസ് ഡയറി കൃത്യമായി പരിശോധിക്കാതെയാണ് മജിസ്‌ട്രേട്ട് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Leave a Reply