ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലി സമയവും അമിത വണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന പഠന റിപ്പോർട്ടിനെ തുടർന്ന് ബ്രിട്ടനിൽ നാല് ദിവസമായി ജോലി സമയം ക്രമീകരിക്കണമെന്ന വാദത്തിന് പിന്തുണ കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബീസിറ്റിയിൽ അവതരിപ്പിച്ച പഠനത്തിൽ, വർഷത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന രാജ്യങ്ങളിൽ അമിതവണ്ണവും കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്ക, മെക്സിക്കോ, കൊളംബിയ പോലുള്ള രാജ്യങ്ങളിൽ ജോലിസമയം കൂടുതലും ഒബീസിറ്റി നിരക്കും ഉയർന്നതുമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

ഓരോ വർഷവും ജോലിസമയം 1% കുറച്ചാൽ ഒബീസിറ്റി നിരക്ക് 0.16% വരെ കുറയാമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ. ദൈർഘ്യമേറിയ ജോലി സമയത്തെ തുടർന്നുള്ള മാനസിക സമ്മർദം, വ്യായാമത്തിനുള്ള സമയക്കുറവ്, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കാനാകാത്തത് എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ഗവേഷകർ പറയുന്നു. സമ്മർദം വർധിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുന്ന കോർട്ടിസോൾ ഹോർമോൺ ഉയരുന്നതും ഭാരം കൂടാൻ ഇടയാക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പ്രദീപ കൊറാലെ-ഗെഡാര വ്യക്തമാക്കി.

ഇതിനിടെ, ബ്രിട്ടനിൽ ഇതിനകം 200-ലധികം കമ്പനികൾ നാല് ദിവസത്തെ ജോലിവാരം നടപ്പാക്കിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കാലത്ത് രണ്ടുലക്ഷത്തിലധികം തൊഴിലാളികൾ ഈ രീതിയിലേക്ക് മാറിയതായും ഔദ്യോഗിക കണക്കുകൾ പറയുന്നു. കൂടുതൽ വിശ്രമസമയം ലഭിക്കുമ്പോൾ ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയ്ക്കായി സമയം കണ്ടെത്താനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ, അഞ്ചുദിവസത്തെ ശമ്പളത്തിൽ നാല് ദിവസത്തെ ജോലി സർക്കാർ നിർബന്ധമാക്കില്ലെന്നാണ് സർക്കാർ നിലപാട് .











Leave a Reply