സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ, സുരക്ഷിതമല്ലാത്ത വ്യക്തിഗത സുരക്ഷാഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കമ്പനികൾ നിർമ്മിക്കുന്നതായി ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്. ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെത്തുടർന്ന്, ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്ന പലരും സുരക്ഷിതമല്ലാത്ത പിപിഇ കിറ്റുകൾ ആണ് ധരിക്കുന്നത് എന്നതിന്റെ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചതും, കൃത്യമായ രേഖകൾ ഇല്ലാത്തതുമായ പിപിഇ കിറ്റുകൾ ധാരാളമായി വിറ്റ് പോകുന്നതായി ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷ്യപ്പെടുത്തുന്നു . ഫെയ്സ് മാസ്ക്കുകൾ, കണ്ണുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഗോഗിളുകൾ മുതലായവയ്ക്ക് സി ഇ മാർക്ക് അത്യന്താപേക്ഷിതമാണ്. സ്റ്റാൻഡേർഡ് ബോഡിയുടെ പരിശോധനയ്ക്ക് വിധേയമായതാണെന്നും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതാണെന്നുമാണ് ഈ മാർക്ക് തെളിയിക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാത്ത ഫെയ്സ് മാസ്ക്കുകളും മറ്റുമാണ് ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കിറ്റുകൾ ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആകുമെന്ന് എൻഎസ്എഫ് ഇന്റർനാഷണൽ സീനിയർ ഡയറക്ടർ ജെയിംസ് പിങ്ക് സാക്ഷ്യപ്പെടുത്തുന്നു. പല കമ്പനികളും ഇത് വാണിജ്യ വൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിനായി 14 മില്യൺ പൗണ്ട് അധികം നീക്കിവെക്കുന്നതായി കഴിഞ്ഞ ആഴ്ച വാണിജ്യമന്ത്രി അലോക് ശർമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണെന്ന് എംപിമാർ പറഞ്ഞു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009- ൽ 139 മില്ല്യൻ പൗണ്ടാണ് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കി വച്ചിരുന്നത്. എന്നാൽ 2019 – 20 കാലഘട്ടത്തിൽ വെറും 129 മില്യൻ പൗണ്ട് മാത്രമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ മാറ്റി വെച്ചിരിക്കുന്നത് എന്ന് എംപിമാർ പറഞ്ഞു . ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 14 മില്യൺ പൗണ്ട് വെട്ടിക്കുറച്ച സഹായങ്ങൾക്ക് അടുത്തുപോലും എത്തുകയില്ല എന്ന് ലേബർ പാർട്ടി എംപി ഡാൻ ജാർവ്സ് കുറ്റപ്പെടുത്തി. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സംഘടനയുടെ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.