ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രി കടക്കുമെന്നതിനാൽ കുട്ടികൾക്ക് കൂടുതൽ കരുതൽ ഉറപ്പാക്കണമെന്ന് എൻഎച്ച്എസ് നിർദേശം. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകണമെന്നും സൺ ക്രീം പുരട്ടണമെന്നും തണലിൽ മാത്രം കളിക്കാൻ വിടണമെന്നും ഷെഫീൽഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നിർദേശിച്ചു. ഏറെ നേരം കുട്ടികളെ വെയിലത്തു നിർത്തരുതെന്നും നിർദേശത്തിൽ പറയുന്നു.

കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ചൂട് കാരണം തലവേദന ഉണ്ടെന്ന് പറഞ്ഞാൽ ഉടൻ തന്നെ കുട്ടിയെ തണലിലേക്ക് മാറ്റി വെള്ളം കുടിക്കാൻ നൽകണം. ഒപ്പം വിശ്രമവും പ്രധാനമാണ്. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു.

വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ 28.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഉഷ്ണ തരംഗത്തിനു മുന്നോടിയായി കിഴക്ക്, തെക്ക് ഇംഗ്ലണ്ടിൽ ലെവൽ ത്രീ ഹീറ്റ്-ഹെൽത്ത് അലേർട്ട് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളിൽ ലെവൽ 2 അലേർട്ടാണ്. നിലവിലുണ്ടായിരുന്ന ലെവല്‍ 3 യില്‍ നിന്നാണ് ഇത് ലെവല്‍ 2 വിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച 9 മണിമുതല്‍ അടുത്ത വെള്ളിയാഴ്ച്ച രാവിലെ 9 മണി വരെ ഈ അലര്‍ട്ട് നിലവിലുണ്ടാകും.