സ്വന്തം ലേഖകൻ

വാഷിങ്ടൺ : കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനോടൊപ്പം തന്നെ ആഗോളതലത്തിൽ വിഷബാധ കേസുകളും ഉയരുന്നു. ഹാൻഡ് സാനിറ്റൈസിന്റെയും ബ്ലീച്ചിന്റെയും ദുരുപയോഗവും തെറ്റായ വിവരങ്ങളും മൂലം രാസ വിഷബാധ വർദ്ധിച്ചു. ചൊവ്വാഴ്ച നടന്ന ലോകാരോഗ്യ സംഘടനാ മീറ്റിംഗിൽ സംസാരിച്ച വിദഗ്ധർ, ലോകമെമ്പാടുമുള്ള പോയ്സൺ ഹെൽത്ത്‌ സെന്റേഴ്‌സിലേക്ക് വന്ന കോളുകളിൽ ഗണ്യമായ വർദ്ധനയുണ്ടായതായി മുന്നറിയിപ്പ് നൽകി. ചിലിയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 60 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, യു‌എസിന്റെ നാഷണൽ പോയ്സൺ ഡാറ്റാ സിസ്റ്റം, രാസ വിഷബാധയുമായി ബന്ധപ്പെട്ട കോളുകളിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകർച്ചവ്യാധികൾക്കിടയിലും ശുചിത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം ക്ലീനിംഗ് ഉൽ‌പ്പന്നങ്ങൾ‌ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ബ്ലീച്ച് വിനാഗിരിയുമായി ചേർന്ന് ക്ലോറിൻ ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇങ്ങനെ ബുദ്ധിമുട്ട് നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലോകാരോഗ്യസംഘടനയുടെ കെമിക്കൽ സേഫ്റ്റി ആൻഡ് ഹെൽത്ത്‌ യൂണിറ്റിൽ നിന്നുള്ള എം‌ എസ് ടെമ്പോവ്സ്കി പറഞ്ഞു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ സർവേ പ്രകാരം, ഏകദേശം 40 ശതമാനം അമേരിക്കക്കാരും ബ്ലീച്ച് ഉപയോഗിച്ച് ഭക്ഷണം വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ നടപടികളെല്ലാം സുരക്ഷിതമല്ലാത്തതും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. തെറ്റായ വിവരങ്ങൾ കൂടുതലായും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

ഹൈഡ്രോക്സിക്ലോറോക്വിനിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ആഫ്രിക്കയിലെയും യുഎസിലെയും നിരവധി വിഷബാധകൾക്ക് കാരണമായതായി ടെമ്പോവ്സ്കി അറിയിച്ചു. കോവിഡിനോട്‌ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യമേഖലയ്ക്ക് ഇത് വലിയ വെല്ലുവിളിയാണ്. “കോവിഡിനെതിരെ പോരാടുക മാത്രമല്ല, ആകസ്മികമായി വിഷം കഴിച്ച രോഗികളെ ചികിത്സിക്കാനും ഇപ്പോൾ സമയം കണ്ടത്തേണ്ടിയിരിക്കുന്നു.” ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഹെൽത്തിന്റെ തലവൻ ഫ്രാൻസെസ്കാ റാസിയോപ്പി കൂട്ടിച്ചേർത്തു. ആവശ്യകത വർദ്ധിച്ചതോടൊപ്പം ദുരുപയോഗവും തെറ്റായ വിവരങ്ങളും വർദ്ധിച്ചു. ഇത് പുതിയ നിർമ്മാതാക്കൾ വിപണിയിൽ പ്രവേശിക്കുന്നതിന് കാരണമായി. നിർമാണത്തിൽ ഉണ്ടാവുന്ന സുരക്ഷാ വീഴ്ച വളരെ വലിയ അപകടങ്ങളിലേക്കാണ് നയിക്കുക. കെമിക്കൽ ഫാക്ടറികളിൽ പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും അത് തെറ്റായി അടച്ചു പൂട്ടുകയോ വീണ്ടും തുറക്കുകയോ ചെയ്തിട്ടുണ്ടെന്നും ടെമ്പോവ്സ്കി പറഞ്ഞു. ലോക്ക്ഡൗൺ കാരണം 40 ദിവസത്തിലേറെയായി ശ്രദ്ധിക്കാതെ കിടന്നിരുന്ന രണ്ട് ടാങ്കുകളിൽ നിന്ന് സ്റ്റൈറൈൻ വാതകം ചോർന്നതിനെ തുടർന്ന് ഇന്ത്യയിൽ 13 പേർ മരിക്കുകയും 1,000ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അടച്ചുപൂട്ടിയ കെമിക്കൽ ഫാക്ടറികൾ പെട്ടെന്നു തുറക്കാൻ കഴിയില്ലെന്നും അതിന് വ്യക്തമായ ആസൂത്രണം ആവശ്യമാണെന്നും ടെമ്പോവ്സ്കി ചൂണ്ടിക്കാട്ടി.