ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്തും സുരക്ഷിതമായ രീതിയിൽ ആലിംഗനം ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരസ്പരം ആലിംഗനം ചെയ്യുന്നത് സ്‌ട്രെസ്സും, ബ്ലഡ് പ്രഷറും മറ്റും കുറയുന്നതിന് സഹായകരമാകും. എന്നാൽ എല്ലായിടത്തും, എപ്പോഴും ആലിംഗനം ചെയ്യുന്നത് സുരക്ഷിതമല്ല. നിയന്ത്രണങ്ങൾ പാലിച്ചാവണം ആലിംഗനത്തിൽ ഏർപ്പെടേണ്ടതെന്ന് വിദഗ്ധർ നിഷ്കർഷിക്കുന്നു. അതിന്റെ ആദ്യത്തെ പടി എന്ന് പറയുന്നത് ആരെ ആലിംഗനം ചെയ്യണം എന്ന് തിരഞ്ഞെടുക്കുന്നത് ആണ്. ആലിംഗനം ചെയ്യുന്നത് കുടുംബാംഗങ്ങളിൽ മാത്രം ഒതുങ്ങണം എന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്തവർ തമ്മിൽ പരസ്പരം ആലിംഗനം ചെയ്യുന്നതിനെ ഗവണ്മെന്റും എതിർക്കുന്നുണ്ട്.


കൂടുതൽ നേരം പരസ്പരം ആലിംഗനം ചെയ്ത് നിൽക്കരുതെന്ന് കർശനമായി വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. കൂടുതൽ നേരം ആലിംഗനത്തിൽ ഏർപ്പെടുന്നത് രോഗം പടരുന്നതിനു സഹായിക്കും. ഫേസ് -ടു – ഫേസ് കോൺടാക്ടും പാടില്ല എന്നാണ് ആരോഗ്യ വിദ്ഗ്ധർ പറയുന്നത്. കൈകൾ വൃത്തിയായിരിക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളിൽ ആലിംഗനത്തിൽ ഏർപ്പെടുന്നതാണ് ഉചിതം. വായു സഞ്ചാരം ഉള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കണം പരസ്പരം ആലിംഗനത്തിൽ ഏർപ്പെടേണ്ടത്. കൃത്യമായ ഇടവേളകളിൽ ആളുകൾ കോവിഡ് ടെസ്റ്റ് നടത്തുകയും വേണമെന്ന് ഗവൺമെന്റ് നിഷ്കർഷിക്കുന്നുണ്ട്. ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ഇത്തരത്തിൽ ടെസ്റ്റ് നടത്തണം.